ഭിന്നശേഷിക്കാർ അനുഭവിക്കുന്നത് ദുരിതം; ഈ കടുംകൈ വേണ്ടായിരുന്നു
Mail This Article
പെരുമ്പാവൂർ ∙ മിനി സിവിൽ സ്റ്റേഷനിലെ ടൗൺ എംപ്ലോയ്മെന്റ് ഓഫിസിലെത്താൻ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന ദുരിതത്തിനു നേരെ അധികൃതർ കണ്ണടയ്ക്കുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിലെത്താൻ അംഗപരിമിതർ അടക്കമുള്ള ഭിന്നശേഷിക്കാർ പടിക്കെട്ടുകൾ കയറണം. ലിഫ്റ്റ് സൗകര്യം ഇല്ല. ബവ്റിജസ് കോർപറേഷനിലെ താൽക്കാലിക ജോലിക്കായി അപേക്ഷിച്ച ഭിന്നശേഷിക്കാർ സമ്മത പത്രം എഴുതി നൽകാൻ എത്തിയപ്പോഴാണ് ദുരിതത്തിന്റെ ആഴം മനസ്സിലായത്.
ഒറ്റയ്ക്കും പരസഹായത്തോടെയും മുകളിൽ നിലയിൽ എത്തിയാണ് സമ്മത പത്രം എഴുതി നൽകിയത്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടതെങ്കിലും രേഖകൾ ഒന്നും പരിശോധിച്ചില്ല ജോലിക്കു സമ്മതമാണോ അല്ലയോ എന്ന ചോദ്യത്തിനു ഉത്തരം നൽകിയാൽ മാത്രം മതി.ഇതിനായി രണ്ടാം നില വരെ തങ്ങളെ കയറ്റണമായിരുന്നോ എന്നാണ് അംഗപരിമിതരുടെ ചോദ്യം.
താഴെ പടിക്കെട്ടിനു സമീപം ഒരു മേശയിട്ട് ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നെങ്കിൽ ഭിന്നശേഷിക്കാർക്കു ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നാണ് ഇവർ പറയുന്നത്. പടിക്കെട്ടുകൾ കയറാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ താഴെ സൗകര്യം ഏർപ്പെടുത്തുമായിരുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം.
14 ഓഫിസുകൾ പ്രവർത്തിക്കുന്നതാണ് മിനി സിവിൽ സ്റ്റേഷൻ. ഇതിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്മെന്റ് ഓഫിസിലേക്കു പല ആവശ്യങ്ങൾക്കും ഭിന്നശേഷിക്കാർക്കു വരേണ്ടതുണ്ട്. ഭിന്നശേഷി സൗഹൃദം രേഖകളിൽ മാത്രമാണെന്നു ഇവർ കുറ്റപ്പെടുത്തുന്നു. ഓഫിസുകളിലേക്കുള്ള ലിഫ്റ്റ് നിർമാണം പുരോഗമിക്കുകയാണെന്ന് തഹസിൽദാർ ജോർജ് ജോസഫ് അറിയിച്ചു.