ബ്രഹ്മപുരം ബിപിസിഎൽ പദ്ധതിക്ക് സർക്കാർ അനുമതി
Mail This Article
കൊച്ചി ∙ നഗരത്തിലെ ജൈവ മാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ആക്കി മാറ്റുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ ബിപിസിഎല്ലിനു ബ്രഹ്മപുരത്തു സ്ഥലം അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാക്കും. ബ്രഹ്മപുരത്തു നിന്ന് ബിപിസിഎൽ പ്ലാന്റിലേക്കു പൈപ്പുകൾ സ്ഥാപിക്കാനും അനുമതി നൽകി.
സിബിജി പദ്ധതി നടപ്പാക്കാൻ നേരത്തേ മന്ത്രിതല ചർച്ചയിൽ തീരുമാനമെടുത്തിരുന്നെങ്കിലും മുന്നോട്ടു പോകാൻ മന്ത്രിസഭ അനുമതി ആവശ്യമായിരുന്നു. പദ്ധതിയുടെ വിശദമായ രൂപരേഖ ഒക്ടോബർ ഒന്നിനകം തയാറാക്കി സമർപ്പിക്കാൻ ബിപിസിഎല്ലിനോടു സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇൻഡോർ മാതൃകയിലാണു ബ്രഹ്മപുരത്തു സിബിജി പ്ലാന്റ് സ്ഥാപിക്കുക. ഇതിനാവശ്യമായ 20 ഏക്കർ സ്ഥലം ബ്രഹ്മപുരത്തു ബിപിസിഎല്ലിനു കൈമാറും. പ്ലാന്റിന്റെ നിർമാണം, നടത്തിപ്പ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവും ബിപിസിഎല്ലാണു വഹിക്കുക. പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ബയോഗ്യാസ് ബിപിസിഎൽ അവരുടെ സംവിധാനങ്ങളിലൂടെ വിറ്റഴിക്കും. കോർപറേഷനു പദ്ധതി വഴി വരുമാനമുണ്ടാകില്ലെങ്കിലും നഗരത്തിലെ മുഴുവൻ ജൈവ മാലിന്യവും സംസ്കരിക്കാൻ സാധിക്കും. മാലിന്യ സംസ്കരണത്തിനു ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ ഇതുവഴി കോർപറേഷനു ലാഭിക്കാൻ കഴിയുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണു സ്ഥാപിക്കുക. കോർപറേഷൻ പരിധിയിലെ മാത്രമല്ല, സമീപ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാലിന്യം കൂടി സംസ്കരിക്കാൻ കഴിയുന്ന തരത്തിലാണു പ്ലാന്റ് നിർമിക്കുക. സിബിജി പ്ലാന്റിനു ബിപിസിഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന് 25 കോടി രൂപ സിഎസ്ആർ സഹായം തേടിയാണു കോർപറേഷൻ ആദ്യം ബിപിസിഎല്ലിനെ സമീപിച്ചത്. ഇതിനിടയിലാണു ബ്രഹ്മപുരത്തു തീപിടിത്തമുണ്ടാകുന്നത്. തുടർന്നു ബിപിസിഎൽ തന്നെ സ്വന്തം നിലയിൽ ബയോഗ്യാസ് പ്ലാന്റ് നിർമിക്കാമെന്ന ആശയം മുന്നോട്ടു വയ്ക്കുകയായിരുന്നു.
വൈദ്യുത പദ്ധതി ഇനി നടക്കില്ല
ബ്രഹ്മപുരത്തു സിബിജി പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ നേരത്തേ കരാർ നൽകിയ പദ്ധതിയുമായി സർക്കാർ മുന്നോട്ടില്ലെന്നു വ്യക്തമായി. വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) വഴി സോണ്ട ഇൻഫ്രാടെക്കിനു സർക്കാർ കരാർ നൽകിയിരുന്നു. ഈ പദ്ധതി നടപ്പാക്കാൻ കോർപറേഷൻ 20 ഏക്കർ സ്ഥലം കെഎസ്ഐഡിസിക്കു കൈമാറിയിട്ടുണ്ട്.