ടി.പി. കൃഷ്ണൻ നമ്പൂതിരിയും സി.എസ്. രാമചന്ദ്രൻ എമ്പ്രാന്തിരിയും ചോറ്റാനിക്കര മേൽശാന്തിമാർ
Mail This Article
ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിലെ ചിങ്ങം ഒന്നു മുതൽ ഒരു വർഷത്തേക്കുളള മേൽശാന്തിമാരായി കണ്ണൻകുളങ്ങര ക്ഷേത്രത്തിലെ മൂവാറ്റുപുഴ താന്നിയിൽ മതിയത്ത് മന ടി.പി.കൃഷ്ണൻ നമ്പൂതിരിയെയും അയിനി ക്ഷേത്രത്തിലെ ചോറ്റാനിക്കര ചേലയ്ക്കൽ മഠം സി.എസ്.രാമചന്ദ്രൻ എമ്പ്രാന്തിരിയെയും തിരഞ്ഞെടുത്തു. ഇരുവരും ഓരോ മാസം ഇടവിട്ട് മേൽശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായി പ്രവർത്തിക്കും. 12 ദിവസം ക്ഷേത്രത്തിൽ ഭജന ഇരുന്നതിനു ശേഷം ശാന്തിമാർ ചുമതല ഏറ്റെടുക്കും.കീഴ്ക്കാവിൽ ചോറ്റാനിക്കര ക്ഷേത്രത്തിലെ കെ.വിജയരാജ് എമ്പ്രാന്തിരി, ശിവക്ഷേത്രത്തിൽ ഊരകം ക്ഷേത്രത്തിലെ എം.പ്രവീൺ, ശാസ്താക്ഷേത്രത്തിൽ പെരുവനം ക്ഷേത്രത്തിലെ എൻ.എൻ.ശിവദാസ് എന്നിവരെയും ശാന്തിക്കാരായി തിരഞ്ഞെടുത്തു.
ഇവർ ഓരോ മാസം ഇടവിട്ടു മൂന്നു ക്ഷേത്രങ്ങളിലായി പ്രവർത്തിക്കും. ഇന്നലെ ശ്രീകോവിലിൽ പന്തീരടിപ്പൂജയ്ക്കു തന്ത്രി പൂജിച്ച നറുക്കുകൾ അടങ്ങിയ വെള്ളിക്കുടം കൊടിമരച്ചുവട്ടിൽ കൊണ്ടുവന്നതിനു ശേഷം തന്ത്രി പുലിയന്നൂർ ആര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണു നറുക്കെടുപ്പു നടന്നത്. ചോറ്റാനിക്കര ശ്രീ ശിവത്തിൽ ശ്രീകാന്തിന്റെ മകൾ 8 വയസ്സുകാരി ശിവകാമി കൃഷ്ണയാണു നറുക്കെടുത്തത്. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നുള്ള അപേക്ഷകരെ പ്രത്യേക തന്ത്രിസംഘം അഭിമുഖം നടത്തിയതിനു ശേഷമാണു നറുക്കെടുപ്പിനുള്ള ശാന്തിക്കാരെ തീരുമാനിച്ചത്.
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ കെ.എൻ.ദീപേഷ്, അക്കമഡേഷൻ മാനേജർ ഇ.കെ.അജയകുമാർ, തൃപ്പൂണിത്തുറ ഗ്രൂപ്പ് ജൂനിയർ സൂപ്രണ്ട് രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്രം ഊരായ്മ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, പഞ്ചായത്തംഗം പ്രകാശൻ ശ്രീധരൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി തമ്പി തിലകൻ എന്നിവർ നറുക്കെടുപ്പിൽ പങ്കെടുത്തു.