ADVERTISEMENT

പിറവം∙ കർഷകർക്ക് ആശ്വാസമായി മാസങ്ങൾക്കു ശേഷം വാഴക്കുല വിപണി കരുത്തു നേടുന്നു. ഓണം അടുത്തെത്തിയതോടെ ഉപ്പേരിയും ശർക്കര വരട്ടിയും തയാറാക്കുന്നതിനു കായ് കൂടുതലായി ഉപയോഗിക്കുകയും തമിഴ്നാട്ടിൽ നിന്നു വരവു കുറയുകയും ചെയ്തതാണു വില ഉയരാൻ കാരണം. 2 മാസം മുൻപു വരെ കിലോഗ്രാമിനു 35 രൂപ വില ലഭിച്ചിരുന്ന ഞാലിപ്പൂവനാണ് ഇൗ ദിവസങ്ങളിൽ വിപണിയിലെ താരം. 65 രൂപ നിരക്കിലാണു കഴിഞ്ഞ ദിവസം രാമമംഗലം കർഷക വിപണിയിൽ വ്യാപാരം നടന്നത്.

പഴത്തിനു കിലോഗ്രാമിനു 80 രൂപ വരെ എത്തി.62 രൂപ നിരക്കിൽ ഏത്തക്കായും വിറ്റുപോയി. 30 രൂപയിൽ നിന്നാണു ഏത്തക്കായ വില ഉയർന്നത്. 10 രൂപ നിരക്കിൽ നിന്നിരുന്ന പാളയൻകോടൻ കായ് 23 രൂപ നിരക്കിലാണു വ്യാപാരം നടന്നത്. പൂവൻ കായ് വില 25 ൽ നിന്നു 45 വരെ ഉയർന്നു.നാളുകളായി വില ഇല്ലാതായതോടെ കൃഷി കുറഞ്ഞതും വില ഉയരാൻ കാരണമായി പറയപ്പെടുന്നുണ്ട്. ഏത്തക്കായ കിലോഗ്രാമിനു 30 രൂപ നിരക്കു തുടർന്നതോടെ പല കർഷകരും വിട്ടു നിൽക്കുകയായിരുന്നു.

ഇതിനു പുറമെ വളങ്ങളുടെ ലഭ്യത കുറവും വിലക്കയറ്റവും തിരിച്ചടിയായി. നൂറ് ഏത്തവാഴ കൃഷി ചെയ്താൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ പോലും പരമാവധി 85എണ്ണം വരെയാണ് വിളവെടുക്കാനാവുക. വളങ്ങളുടെ വിലയും കൂലിച്ചെലവും കഴിഞ്ഞ 2 വർഷത്തിനിടെ കാര്യമായി വർധിച്ചു. രാസവളങ്ങൾക്കു കിലോഗ്രാമിനു 30 മുതൽ 35 രൂപ വരെയാണു വില. ഓണം വിപണി സജീവമാകുന്നതോടെ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണു കർഷകർ.

English Summary: Import from Tamil Nadu declined, Banana Rs 80 per kg; Banana market on the rise in prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com