7000 രൂപ വിലയുള്ള ഇൻക്യുബേറ്റർ 750 രൂപയ്ക്കു തയാറാക്കി ഏഴാം ക്ലാസ് വിദ്യാർഥി; മോനേ നീ ഇമ്മാനുവലല്ല, ഐൻസ്റ്റീൻ!
Mail This Article
മൂവാറ്റുപുഴ∙ ഒരു കാർഡ്ബോർഡ് പെട്ടിയും ബൾബും കൊടുത്താൽ 7000 രൂപ വിപണി വിലയുള്ള ഇൻക്യുബേറ്റർ 750 രൂപയ്ക്കു തയാറാക്കി തരും ഏഴാം ക്ലാസ് വിദ്യാർഥി ഇമ്മാനുവൽ അജോ. സ്വന്തമായി തയാറാക്കിയ ഇൻക്യുബേറ്റർ ഉപയോഗിച്ചു 4 കോഴിക്കുഞ്ഞുങ്ങളെ വിജയകരമായി വിരിയിച്ച് എടുത്തതോടെ വീടിനു സമീപത്തുള്ള വീട്ടമ്മമാർ ലോ കോസ്റ്റ് ഇൻക്യുബേറ്റർ നിർമിച്ചു നൽകാൻ ഇമ്മാനുവലിനെ സമീപിച്ചിരിക്കുകയാണ്. വാഴക്കുളം ചാവറ ഇന്റർനാഷനൽ അക്കാദമി വിദ്യാർഥിയായ ഇമ്മാനുവൽ സ്കൂളിൽ വിദ്യാർഥികൾക്കിടയിലെ സാങ്കേതിക വിദഗ്ധനാണ്.
റോബട്ടിക് കയ്യും ഓട്ടമേറ്റഡ് സാനിറ്റൈസർ ഡിസ്പൻസറും ഒക്കെ നിർമിച്ച് ശ്രദ്ധ നേടിയിരുന്നു. വീടിനു സമീപം ചെറുകിട കോഴി വ്യാപാരം നടത്തുന്ന വീട്ടമ്മയ്ക്കു വേണ്ടിയും ഇൻക്യുബേറ്റർ നിർമിച്ചു നൽകിയതോടെ പലരും ഇതിനായി ഇമ്മാനുവലിനെ തേടി എത്തുന്നു. യുട്യൂബ് ചാനലിലൂടെ തന്റെ പരീക്ഷണ നിരീക്ഷണങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഒറ്റ ദിവസം മതി ഇൻക്യുബേറ്റർ തയാറാക്കാൻ. അനുയോജ്യമായ കാർഡ്ബോർഡ് പെട്ടി കിട്ടിയാൽ തെർമോസ്റ്റാറ്റും സെൻസറും ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തും.
പിന്നെ ബൾബും ഘടിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇൻക്യുബേറ്റർ തയാർ. ഇൻക്യുബേറ്ററിൽ മുട്ടകൾ വിരിയാൻ 21 ദിവസം എടുക്കും. ഇമ്മാനുവലിന്റെ നൂതന ആശയം പ്രാദേശിക കോഴി വ്യവസായത്തിനും ചെറുകിട കർഷകർക്കും സഹായകരമാകുമെന്നു ചാവറ ഇന്റർനാഷനൽ അക്കാദമി പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട്ട് പറഞ്ഞു. കെമിക്കൽ എൻജിനീയറായ അജോ എൻ. ജോസിന്റെയും ബാങ്ക് ജീവനക്കാരിയായ മീനു സെബാസ്റ്റ്യന്റെയും മൂത്ത മകനാണ് ഇമ്മാനുവൽ.