ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ കോർപറേഷൻ സ്വകാര്യ ഏജൻസിക്കു കരാർ നൽകുന്നതു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ. ടണ്ണിന് 1680 രൂപ നിരക്കിൽ പുണെ കേന്ദ്രമായ കമ്പനിക്കു ബയോമൈനിങ് കരാർ നൽകാനാണു കോർപറേഷനിലെ ആരോഗ്യകാര്യ സ്ഥിരസമിതി തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റു കോർപറേഷനുകളിലെ ബയോമൈനിങ് കരാറുകളും ഇതിനെക്കാൾ‌ കുറഞ്ഞ നിരക്കിലാണ്.

ബ്രഹ്മപുരത്ത് 7 ലക്ഷം ടൺ മാലിന്യം കെട്ടിക്കിടക്കുന്നുവെന്നാണ് കോർപറേഷന്റെ ഏകദേശ കണക്ക്. മാലിന്യത്തിന്റെ കൃത്യമായ അളവെടുക്കാൻ എൻഐടി കാലിക്കറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 7 ലക്ഷം ടൺ മാലിന്യമുണ്ടെങ്കിൽ ടണ്ണിന് 1680 രൂപ പ്രകാരം 118 കോടി രൂപയാകും. വൻ സാമ്പത്തിക ബാധ്യതയാകുമെങ്കിലും ബയോമൈനിങ് നടത്തണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശമുള്ളതിനാൽ കോർപറേഷനു മാറി നിൽക്കാനാകില്ല.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) 2019ലെ മാനദണ്ഡ പ്രകാരം ബയോമൈനിങ് നടത്താൻ കണക്കാക്കിയിട്ടുള്ളത് ഘന മീറ്ററിന് 400 രൂപ മുതൽ 700 രൂപ വരെയാണ് (ഒരു ഘനമീറ്റർ മാലിന്യമെന്നത് ഏകദേശം ഒരു ടൺ മാലിന്യമെന്നു കണക്കാക്കാം). ബയോമൈനിങ് നടത്തിയ മാലിന്യം നീക്കം ചെയ്യേണ്ട ദൂരത്തിന് അനുസരിച്ച് അധിക തുക വേണ്ടി വരും.

എന്നാൽ കൊച്ചിയിൽ ഇപ്പോൾ കരാർ നൽകാൻ പരിഗണിക്കുന്ന നിരക്ക് സിപിസിബി പറയുന്ന ഉയർന്ന നിരക്കിന്റെ ഇരട്ടിയിലേറെയാണ്. മികച്ച കമ്പനികളെ തേടിയതു കൊണ്ടും കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ കുറവായതു കൊണ്ടുമാണ് തുക ഉയർന്നതെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.

സംസ്ഥാനത്തെ മറ്റിടങ്ങളിലെ ബയോമൈനിങ് നിരക്കുകൾ

∙ കണ്ണൂർ: ഘന മീറ്ററിന് 640 രൂപ

ഘന മീറ്ററിന് 1715 രൂപ നിരക്കിൽ സോണ്ട ഇൻഫ്രാടെക്കിന് ആയിരുന്നു ആദ്യ കരാർ. പിന്നീട് ഈ കരാർ റദ്ദാക്കി 2022 മേയിൽ റോയൽ വെസ്റ്റേൺ എന്ന കമ്പനിക്ക് ഘന മീറ്ററിന് 640 രൂപ നിരക്കിൽ കരാർ നൽകി.

∙ കോഴിക്കോട്: ഘന മീറ്ററിന് 747 രൂപ

ഘന മീറ്ററിന് 747 രൂപ നിരക്കിൽ സോണ്ട ഇൻഫ്രാടെക്കിനായിരുന്നു കരാറെങ്കിലും പണി പൂർത്തിയാക്കാത്തതിനാൽ അവരെ ഒഴിവാക്കി. പുതിയ ടെൻഡർ വിളിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

∙ കൊല്ലം: ഘന മീറ്ററിന് 1130 രൂപ

1.04 ലക്ഷം ഘന മീറ്റർ മാലിന്യം നീക്കാൻ സിഗ്മ ഗ്ലോബൽ എൻവയ്റോൺ സൊല്യൂഷൻസിനായിരുന്നു കരാർ.

∙ തൃശൂർ: ഘന മീറ്ററിന് 867.50 രൂപ

51,634 ഘന മീറ്റർ മാലിന്യം നീക്കാൻ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനായിരുന്നു കരാർ.

സംസ്ഥാനത്തിനു പുറത്തെ ബയോമൈനിങ് നിരക്കുകൾ

∙ നാഗ്പുർ: ടണ്ണിന് 1015 രൂപ.

∙ വിജയവാഡ: ടണ്ണിന് 842 രൂപ

∙ വഡോദര: ടണ്ണിന് 887 രൂപ

∙ തിരുപ്പതി: ടണ്ണിന് 953 രൂപ

∙ ഗാസിയാബാദ്: ടണ്ണിന് 1240 രൂപ

ചെന്നൈ: 66.52 ലക്ഷം ടൺ നിരക്ക് ടണ്ണിന് 963 രൂപ

ചെന്നൈ കൊടുങ്ങയൂരിൽ 252 ഏക്കർ സ്ഥലത്തായി കെട്ടിക്കിടക്കുന്നത് 66.52 ലക്ഷം ടൺ മാലിന്യമാണ്. ഏകദേശം 40 വർഷത്തെ മാലിന്യമാണിത്. മൊത്തം 648 കോടി രൂപയ്ക്കാണു പദ്ധതി നടപ്പാക്കുന്നത്. പെരുങ്കുടിയിൽ 34.02 ലക്ഷം ഘന മീറ്റർ മാലിന്യം ബയോമൈനിങ് ചെയ്തു നീക്കാൻ കരാർ നൽകിയിട്ടുള്ളത് ഘന മീറ്ററിന് 1030 രൂപയ്ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com