ADVERTISEMENT

ആലങ്ങാട് ∙ ഓണത്തെ വരവേൽക്കാനൊരുങ്ങി ആലങ്ങാട്ടെ ചെണ്ടുമല്ലി പാടങ്ങൾ. കൃഷിക്കൂട്ടങ്ങളുടെയും കുടുംബശ്രീയുടെ കീഴിലുള്ള വിവിധ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ 13 ഏക്കറോളം സ്ഥലത്തായി ഒരുക്കിയ വിവിധയിനം ചെണ്ടുമല്ലി പാടങ്ങളാണ് ആലങ്ങാടിനു സൗന്ദര്യമേകി പൂത്തുലഞ്ഞു നിൽക്കുന്നത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണത്തിനു പൂക്കളം ഒരുക്കാൻ പൂക്കൃഷി, ഏലൂർ കൃഷിഭവന്റെ ഓണത്തിന് ഒരു പൂക്കുട എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് ആത്മ ആലങ്ങാട് ബ്ലോക്കിനു കീഴിൽ വരുന്ന കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ, ഏലൂർ, ആലുവ എന്നിവിടങ്ങളിൽ പൂക്കൃഷി ചെയ്യുന്നത്.

ജില്ലാ കൃഷിവിജ്ഞാൻ കേന്ദ്രം, അഗ്രികൾചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ), സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ, കൃഷിഭവൻ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാണു കൃഷി. അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന, തൃശൂർ ആസ്ഥാനമായുള്ള കെടിജി ഗ്രൂപ്പ് എന്നിവ വഴിയാണു കർഷകർക്കു തൈകൾ ലഭ്യമാക്കിയത്. 4 മാസത്തിലാണു ചെണ്ടുമല്ലി പൂവിടുന്നത്. ഒരു ചെടിയിൽ നിന്ന് അര കിലോഗ്രാം പൂവ് ലഭിക്കും.

മനയ്ക്കപ്പടിയിലെ ചെണ്ടുമല്ലി സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ബെന്തി പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കരുമാലൂർ പഞ്ചായത്ത് അംഗം കെ.എം.ലൈജു നിർവഹിക്കുന്നു.
മനയ്ക്കപ്പടിയിലെ ചെണ്ടുമല്ലി സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ബെന്തി പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കരുമാലൂർ പഞ്ചായത്ത് അംഗം കെ.എം.ലൈജു നിർവഹിക്കുന്നു.

കഴിഞ്ഞ വർഷം പൂക്കൃഷിക്കു നല്ല സ്വീകാര്യത ലഭിച്ചതിനാൽ ഇത്തവണ ഒട്ടേറെ പേർ ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കെവികെ സബ്ജക്ട് മാറ്റർ വിദഗ്ധൻ ഷോജി ജോയ് എഡിസൺ, ആത്മ ബ്ലോക്ക് ടെക്നോളജി ഓഫിസർ ടി.എൻ.നിഷിൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘ആലങ്ങാട് പൂ കർഷകർ’ എന്ന വാട്സാപ് ഗ്രൂപ്പും കർഷകരുടെ സഹായത്തിനായി പ്രവർത്തിക്കുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കൃഷിക്കൊപ്പം കളമശേരി, ഞങ്ങളും കൃഷിയിലേക്ക് എന്നീ പദ്ധതികളുടെ ഭാഗമായാണു പൂക്കൃഷി. ഏക്കറുകണക്കിന് സ്ഥലത്ത് നെല്ല്, വാഴ, തെങ്ങ്, ജാതി തുടങ്ങിയവ തഴച്ചു വളരുന്ന പ്രദേശമാണ് ആലങ്ങാട് ബ്ലോക്കിനു കീഴിലെ ഭൂരിഭാഗം പ്രദേശങ്ങളും. കാർഷിക ഉൽപന്നങ്ങൾക്കൊപ്പം ചെണ്ടുമല്ലിയുടെ സൗന്ദര്യവും വന്നെത്തിയതോടെ നാട്ടുകാർ സന്തോഷത്തിലാണ്.

∙ ചെണ്ടുമല്ലി സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ബെന്തി പൂക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കരുമാലൂർ പഞ്ചായത്ത് അംഗം കെ.എം.ലൈജു ഉദ്ഘാടനം നിർവഹിച്ചു. മനയ്ക്കപ്പടിയിലെ പത്തു സെന്റ് സ്ഥലത്തു നടത്തിയിരുന്ന ബെന്തിക്കൃഷിയാണു വിളവെടുത്തത്. ഇവരുടെ നേതൃത്വത്തിൽ തൊട്ടടുത്തായി 30 സെന്റിൽ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. തൊഴിലുറപ്പു തൊഴിലാളികൾ, കൃഷിഭവൻ, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണു കൃഷി. കൂട്ടായ്മയിലെ അംഗങ്ങളായ പി.പി.രമാദേവി, അനിത സുധി, മേരി ജോസഫ്, അംബിക ബാബു, അജിത മോഹനൻ, മായ സുബ്രഹ്മണ്യൻ, എ.അനുശ്രീ, അംബിക ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com