പ്രൗഢി തുളുമ്പി ജില്ലാതല സ്വാതന്ത്ര്യദിന പരേഡ്
Mail This Article
കാക്കനാട്∙ പ്രൗഢ ഗംഭീരമായി ജില്ലാതല സ്വാതന്ത്ര്യദിന പരേഡ്. 30 പ്ലറ്റൂണുകളും ഒട്ടേറെ ബാൻഡ് സംഘങ്ങളും അണിനിരന്ന പരേഡ് വീക്ഷിക്കാൻ വൻ ജനാവലിയെത്തി. പൊലീസിന്റെ വിവിധ വിഭാഗങ്ങൾക്കും അഗ്നിരക്ഷാ സേനയ്ക്കും എക്സൈസിനുമൊപ്പം സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, സിവിൽ ഡിഫൻസ് കെഡറ്റുകളും പരേഡ് ആകർഷകമാക്കി. ദേശീയ പതാക ഉയർത്തിയ മന്ത്രി കെ.രാധാകൃഷ്ണൻ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
വ്യത്യസ്ത ജാതി, മത സംസ്കാരത്തിൽ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്നതാണു നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വവും ജനാധിപത്യവുമാണ് രാജ്യത്തിന്റെ ആത്മാവ്. ഇതു സംരക്ഷിക്കാൻ നമുക്ക് കഴിയണം. ഒട്ടേറെപ്പേർ ജീവൻ കൊടുത്തു നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാൻ കരുതലോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
കമാൻഡർ മോഹിത് രാവത്തിന്റെ നേതൃത്വത്തിലായിരുന്നു പരേഡ്. സായുധ സേന പതാക നിധിയിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങൾക്കും പരേഡിലെ മികച്ച പ്ലറ്റൂണുകൾക്കും ബാൻഡ് സംഘങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. എംഎൽഎമാരായ ഉമ തോമസ്, പി.വി.ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള, അസിസ്റ്റന്റ് കലക്ടർ നിശാന്ത് സിഹാര, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ഷാജഹാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
സ്വാതന്ത്ര്യദിന പരേഡ്; പൊലീസിന് പുരസ്കാരം
കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിന പരേഡിലെ മികച്ച സായുധ പ്ലറ്റൂണായി കൊച്ചി സിറ്റി ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് പ്ലറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. കേരള ആംഡ് പൊലീസ് ബറ്റാലിയൻ (1) രണ്ടാം സ്ഥാനവും എക്സൈസ് പ്ലറ്റൂൺ മൂന്നാം സ്ഥാനവും നേടി. നിരായുധ പ്ലറ്റൂൺ വിഭാഗത്തിൽ സി കെഡറ്റ് കോപ്സ് സീനിയർ, 21 കേരള എന്നിവർക്കാണു പുരസ്കാരം. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വിഭാഗത്തിൽ തൃപ്പൂണിത്തുറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കുട്ടമശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസ്എസ്, ഞാറള്ളൂർ ബെത്ലഹേം ദയറ ഹൈസ്കൂൾ, എറണാകുളം സെന്റ് ആന്റണീസ് എച്ച്എസ്എസ് എന്നിവയ്ക്കാണ് ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ. ബാൻഡ് വിഭാഗത്തിൽ സി കെഡറ്റ്, എറണാകുളം സെന്റ് തെരേസാസ്, എറണാകുളം സെന്റ് ജോസഫ് എന്നിവയ്ക്കാണ് പുരസ്കാരം.
ലഹരിക്കെതിരെ ഫ്ലാഷ് മോബ്
കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ഞാറള്ളൂർ ബെത്ലഹേം ദയറ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗം നടത്തിയ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് മികച്ച സന്ദേശമായി. തുടർച്ചയായി ഏഴാം വർഷമാണ് ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ സ്കൂൾ പങ്കെടുക്കുന്നത്. അധ്യാപകരും പിടിഎ ഭാരവാഹികളും എത്തിയിരുന്നു.