ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താനായി കമ്പനിയുമായി ചർച്ച നടത്തി നിരക്ക് കുറയ്ക്കുന്ന കാര്യം പരിശോധിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ബയോമൈനിങ് നിരക്ക് കൂടുതലാണെന്ന കൗൺസിലർമാരുടെ അഭിപ്രായം കണക്കിലെടുത്താണു തീരുമാനം. ബയോമൈനിങ് നടത്താനുള്ള കമ്പനിയുടെ ശേഷി വിലയിരുത്താനായി സാങ്കേതിക വിദഗ്ധ സമിതിയെ നിയോഗിക്കും. ബയോമൈനിങ് കരാർ സംബന്ധിച്ച് 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നു നാളെ ഹൈക്കോടതിയെ അറിയിക്കുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.

ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താനായി പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജി എന്ന കമ്പനിക്കു ടണ്ണിന് 1699 രൂപ നിരക്കിൽ കരാർ നൽകുന്ന കാര്യമാണു കോർപറേഷൻ കൗൺസിൽ പരിഗണിച്ചത്. മറ്റു നഗരങ്ങളെ അപേക്ഷിച്ചു കൊച്ചിയിലെ ബയോമൈനിങ് നിരക്ക് ഉയരാനിടയാക്കിയ സാഹചര്യം സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദിർ വിശദീകരിച്ചു. മികച്ച കമ്പനികളെ ഏൽപിക്കാനായി കർശനമായ വ്യവസ്ഥകളാണു ടെൻഡർ നടപടികളിൽ സ്വീകരിച്ചതെന്നും സെക്രട്ടറി പറഞ്ഞു.

നിരക്ക് ഉയർന്നത് എന്തുകൊണ്ട് ?

∙ ബയോമൈനിങ് പൂർത്തിയാക്കാൻ 16 മാസത്തെ സമയം മാത്രമാണു നൽകിയിട്ടുള്ളത്. ഇതു സമയം വർധിപ്പിക്കുകയാണെങ്കിൽ നിരക്ക് കുറയും. എന്നാൽ ബ്രഹ്മപുരത്തിന്റെ പ്രത്യേക സാഹചര്യത്തിൽ എത്രയും വേഗം ബയോമൈനിങ് പൂർത്തിയാക്കണം.

∙ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ പ്ലാസ്റ്റിക് കൂടുതലാണ്. അതുകൊണ്ടു തന്നെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ കൂടുതൽ വസ്തുക്കൾ ലഭിക്കില്ല. ഭൂരിഭാഗവും സിമന്റ് കമ്പനികളിൽ കത്തിക്കാൻ മാത്രമേ ഉപയോഗിക്കാനാവൂ.

∙ സംസ്ഥാനത്തിനു പുറത്തെ സിമന്റ് കമ്പനികളിലേക്ക് ആർഡിഎഫ് അയയ്ക്കണമെങ്കിലുള്ള ഗതാഗത ച്ചെലവ് വളരെയധികം കൂടുതലാണ്.

ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം 7 ലക്ഷം ടൺ ഉണ്ടാകാനിടയില്ലെന്നും 5.6 ലക്ഷം ടൺ മാത്രം ഉണ്ടാകാനാണു സാധ്യതയെന്നും സെക്രട്ടറി വിശദീകരിച്ചു. ഡ്രോൺ സർവേ നടത്താൻ എൻഐടി കാലിക്കറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്കു സർവേ നടത്തി മാലിന്യത്തിന്റെ അളവെടുക്കും.

പട്ടാളപ്പുഴു: ‌അനുമതി 2 കമ്പനികൾക്ക്  

ബ്ലാക്ക് സോൾജിയർ ഫ്ലൈ (പട്ടാളപ്പുഴു– ബിഎസ്എഫ്) സംവിധാനത്തിലൂടെ ജൈവ മാലിന്യ സംസ്കരണം നടത്താൻ 2 കമ്പനികൾക്കു കോർപറേഷൻ അനുമതി നൽകി. സിഗ്മ ഗ്ലോബൽ എൻവയ്‌റോ സൊല്യൂഷൻസ് ലിമിറ്റഡ്, ഫാബ്കോ ഫുഡ് വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ടോട്ടൽ സൊല്യൂഷൻസ് എന്നീ കമ്പനികൾക്കാണ് അനുമതി. ഇതു കമ്പനികളും 50 ടൺ വീതം ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കുമെങ്കിലും ആദ്യ ഘട്ടത്തിൽ നിയന്ത്രിതമായ തോതിൽ മാത്രമേ സംസ്കരണം അനുവദിക്കൂ. പൂർണ വിജയമെന്നു ഉറപ്പു വരുത്തിയ ശേഷം മുഴുവൻ ശേഷിയിലേക്ക് ഉയർത്താൻ അനുമതി നൽകുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. മാലിന്യ സംസ്കരണത്തിനു പട്ടാളപ്പുഴുവിനെ നിയോഗിക്കുമ്പോൾ അത് ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.

ബയോമൈനിങ്: നടപടികൾ സുതാര്യമെന്നു മേയർ

ബയോമൈനിങ് നടത്തി ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുകയെന്നതു വരും തലമുറയോടുള്ള ഉത്തരവാദിത്തമാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. വർഷങ്ങളായി ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാകാതെ കിടക്കുകയാണ്. ഇനിയും കത്തിപ്പിടിച്ചാൽ ആ പാപഭാരം പേറേണ്ടി വരും. സുതാര്യമായും, കർശനമായ ടെൻഡർ വ്യവസ്ഥകളിലൂടെയുമാണു കമ്പനികളെ കണ്ടെത്തിയത്. നിരക്ക് കൂടുതലാണെന്നു കൗൺസിലർമാർക്കു പൊതുവേ അഭിപ്രായമുണ്ട്. കമ്പനിക്ക് ബയോമൈനിങ് പൂർത്തിയാക്കാനുള്ള ശേഷിയുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി സാങ്കേതിക സമിതിയെ നിയോഗിക്കും. ഇക്കാര്യങ്ങൾക്കായി 15 ദിവസത്തെ സാവകാശം ഹൈക്കോടതിയിൽ നിന്നു തേടും. ബ്രഹ്മപുരം വിഷയത്തിൽ കൗൺസിൽ ഒറ്റക്കെട്ടായാണു തീരുമാനമെടുക്കേണ്ടതെന്നും മേയർ പറഞ്ഞു.

ഉയർന്ന നിരക്കിൽ പ്രതിഷേധം

ബയോമൈനിങ്ങിന് ഇത്രയും ഉയർന്ന നിരക്ക് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുമെന്നും യുഡിഎഫ്, ബിജെപി കൗൺസിലർമാർ നിലപാടെടുത്തു. യുഡിഎഫ് കൗൺസിലർമാരായ ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ, ഹെൻട്രി ഓസ്റ്റിൻ, മനു ജേക്കബ്, ആന്റണി പൈനുതറ, ബിജെപി കൗൺസിലർ സുധ ദിലീപ്കുമാർ, സിപിഐ കൗൺസിലർ സി.എ. ഷക്കീർ എന്നിവർ നിരക്ക് വളരെ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു. പുണെയിലെ കമ്പനിയുടെ പ്രവർത്തനം നേരിൽ കണ്ടതാണെന്നും കമ്പനിയുടെ ശേഷിയിൽ സംശയിക്കേണ്ട കാര്യമില്ലെന്നും എൽഡിഎഫ് കൗൺസിലർ പി.എസ്. വിജു പറഞ്ഞു. എത്രയും വേഗം ബയോമൈനിങ്  പൂർത്തിയാക്കണമെന്നു കൗൺസിലർ ആർ. രതീഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com