ബ്രഹ്മപുരം മാലിന്യം: കരാർ നൽകും മുൻപ് ബയോമൈനിങ് കേന്ദ്രം സന്ദർശിച്ച് പ്രതിനിധി സംഘം
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ കരാർ നൽകുന്നതിനു മുന്നോടിയായി ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്വകാര്യ ഏജൻസി പുണെയിൽ ബയോമൈനിങ് നടത്തുന്ന സ്ഥലം കോർപറേഷനിൽ നിന്നുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. ബയോമൈനിങ് നടത്താനുള്ള സാങ്കേതിക ശേഷി പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജി എന്ന കമ്പനിക്കുണ്ടോയെന്നു വിലയിരുത്തണമെന്ന കൗൺസിൽ നിർദേശ പ്രകാരമായിരുന്നു അഞ്ചംഗ സംഘത്തിന്റെ സന്ദർശനം.
കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ (യുഡിഎഫ്), ആർ. രതീഷ് (എൽഡിഎഫ്), രഘുറാം പൈ (ബിജെപി), ശുചിത്വ മിഷൻ ഡയറക്ടർ (ഖരമാലിന്യ പരിപാലനം) ജി. ജ്യോതിഷ് ചന്ദ്രൻ തുടങ്ങിയരുൾപ്പെട്ട സംഘം പുണെയിൽ ഉരുളി എന്ന ഗ്രാമത്തിൽ കമ്പനി നടത്തുന്ന ബയോമൈനിങ് പ്രവർത്തനങ്ങൾ വിലയിരുത്തി. ബയോമൈനിങ് വിഷയം വീണ്ടും പരിഗണിക്കുന്ന കൗൺസിൽ യോഗത്തിനു മുന്നോടിയായി സംഘം റിപ്പോർട്ട് സമർപ്പിക്കും.
കമ്പനി പുണെയിൽ ശാസ്ത്രീയമായ രീതിയിൽ ബയോമൈനിങ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു സന്ദർശനത്തിൽ ബോധ്യപ്പെട്ടുവെന്നു ഹെൻട്രി ഓസ്റ്റിൻ പറഞ്ഞു. 50 ലക്ഷം ടൺ മാലിന്യമാണ് ഈ പ്രദേശത്തു കൂടിക്കിടന്നിരുന്നത്. ആദ്യ ഘട്ടത്തിൽ 25 ലക്ഷം ടൺ മാലിന്യം ബയോമൈനിങ് ചെയ്തു കമ്പനി നീക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 60,000 ചതുരശ്രയടിയിൽ പ്ലാന്റ് നിർമിച്ചാണു കമ്പനി ബയോമൈനിങ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ ഉയർന്ന നിരക്ക് ആവശ്യപ്പെടുന്നതിലെ ആശങ്ക സംഘം കമ്പനി പ്രതിനിധികളെ അറിയിച്ചു. ബയോമൈനിങ് ചെയ്തു ശേഖരിക്കുന്ന ആർഡിഎഫ് സംസ്ഥാനത്തിനു പുറത്തെ സിമന്റ് കമ്പനികളിലേക്കു നീക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഗതാഗത ചെലവ് കൂടുന്നതു മൂലമാണു നിരക്ക് ഉയരുന്നതെന്നു കമ്പനി പ്രതിനിധികൾ അറിയിച്ചു. ബയോമൈനിങ് ചെയ്യാനുള്ള സമയം നീട്ടി നൽകി നിരക്കു കുറയ്ക്കാനുള്ള സാധ്യതകൾ ആരായണമെന്നു ഹെൻട്രി ഓസ്റ്റിൻ പറഞ്ഞു.
ബയോമൈനിങ്ങിന് ഉയർന്ന നിരക്കിൽ കരാർ നൽകുന്നതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണു പദ്ധതിയെ കുറിച്ചു കൂടുതൽ പരിശോധനകൾ നടത്താൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചത്. ബയോമൈനിങ് നടത്താനുള്ള കമ്പനിയുടെ ശേഷി വിലയിരുത്തുന്നതിനൊപ്പം നിരക്കു കുറയ്ക്കാനായി ചർച്ച നടത്താനും കൗൺസിൽ തീരുമാനിച്ചിരുന്നു.