റേഡിയോ സർജറി: കോഴ്സിന് അമൃത ആശുപത്രിയിൽ തുടക്കം
Mail This Article
കൊച്ചി∙ റേഡിയോ സർജറി രംഗത്തെ നൂതന രീതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഇന്റർനാഷനൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ (ഐഎസ്ആർഎസ്) സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷനൽ കോഴ്സിനു കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി.
കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ പരിപാടി അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. തുർക്കിയിലെ സൈബർ നൈഫ് സെന്ററിലെ പ്രഫ. സെൽകുക്ക് പീറ്റർ, എംഡി ആൻഡേഴ്‌സൺ കാൻസർ സെന്ററിലെ പ്രഫ. ഇയാൻ മക്കുച്ചിയോൻ, യുഎസിലെ മിയാമി കാൻസർ സെന്ററിൽ നിന്നുള്ള ഡോ. രൂപേഷ് കൊട്ടെച്ച എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ക്ലാസെടുത്തു.
ഇന്ത്യൻ സൊസൈറ്റി ഓഫ് ന്യൂറോ ഓങ്കോളജി (ഐഎസ്എൻഒ), കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (സിഒജി), അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജി, ഇന്ത്യ (എആർഒഐ), ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (എൻഎസ്‌ഐ), ഇന്ത്യൻ സൊസൈറ്റി ഓഫ് സ്റ്റീരിയോടാക്റ്റിക് ആൻഡ് ഫങ്ഷനൽ ന്യൂറോ സർജറി (ഐഎസ്എസ്എഫ്എൻ) എന്നിവയുടെ അംഗീകാരത്തോടെയാണു പരിപാടി. നൂതന കാൻസർ, ട്യൂമർ ചികിത്സാ സൗകര്യങ്ങളും സൈബർ നൈഫ് പോലെ ലോകോത്തര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള റേഡിയോ സർജറിയും ഡോക്ടർമാർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തും.
ഈ ചികിത്സാരീതിയിലൂടെ രോഗികൾക്കു വളരെ വേഗം രോഗമുക്തി ലഭിക്കുന്നതിനാൽ ഇന്ത്യയിലും ഇതിനു വളരെ പ്രാധാന്യമുണ്ടെന്നും ഈ അവബോധം രോഗികൾക്കുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ചെന്നൈ അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം പ്രൊഫസർ രാകേഷ് ജലാലി, കൊച്ചി അമൃത ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ദേബ്‌നാരായൺ ദത്ത, ജപ്പാനിലെ ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്‌സിറ്റി അഡാച്ചി മെഡിക്കൽ സെന്ററിലെ ന്യൂറോ സർജറി വിഭാഗത്തിൽ നിന്നുള്ള ഡോ. മിഖായേൽ ചെർനോവ് എന്നിവർ പറഞ്ഞു.