ADVERTISEMENT

കൊച്ചി ∙ സഹോദരൻ അയ്യപ്പൻ റോഡിൽ (എസ്എ റോഡ്) മെട്രോ തൂണുകൾക്കു താഴെക്കൂടിയുള്ള യാത്ര അപകട ഭീഷണിയാകുന്നു. മെട്രോ തൂണുകളുടെ അടിത്തറ ഉയർന്നാണിരിക്കുന്നത്. റോഡിന്റെ ഭാഗം താഴെയും. ഇതു മൂലം വാഹനങ്ങൾ മെട്രോ തൂണിന്റെ സമീപമെത്തുമ്പോൾ ഉയർന്നു പൊങ്ങും. എസ്എ റോഡിൽ പനമ്പിള്ളി നഗർ മുതൽ വൈറ്റില വരെയുള്ള ഭാഗങ്ങളിൽ ഈ പ്രശ്നമുണ്ട്. മെട്രോ തൂണുകളുടെ അടിത്തറയുടെ നിരപ്പിന്റെ ഉയരത്തിന് അനുസരിച്ചാണു റോഡ് ടാർ ചെയ്തിരുന്നത്. എന്നാൽ താഴെ ചതുപ്പു മണ്ണായതിനാൽ റോഡ് താഴേക്ക് ‘ഇരുന്നു’.

പൈൽ ചെയ്തുറപ്പിച്ച മെട്രോ തൂണിന്റെ അടിത്തറ താഴാത്തതിനാൽ ഈ ഭാഗത്തു മാത്രം റോഡ് ഉയർന്നു നിൽക്കുകയും ചെയ്തു. ബാനർജി റോഡുൾപ്പെടെ മെട്രോ തൂണുകൾക്കു താഴെക്കൂടി കടന്നു പോകുന്ന മിക്ക റോഡുകൾക്കും സമാന പ്രശ്നമുണ്ട്. ഇരുചക്ര വാഹനങ്ങൾക്കാണു റോഡിലെ ഉയരവ്യത്യാസം ഏറെ വെല്ലുവിളിയാകുന്നത്. റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉയർന്നു പൊങ്ങുമ്പോൾ യാത്രക്കാരുടെ നടുവിനു പരുക്കേൽക്കാനും വാഹനങ്ങൾ അപകടത്തിൽ പെടാനും സാധ്യതയുണ്ട്. റോഡിലെ പതിവു യാത്രക്കാർ ഇതു തിരിച്ചറിഞ്ഞു മുൻകരുതലെടുക്കാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ഇതിനു കഴിയാറില്ല.

മെട്രോ നിർമാണത്തിനു ശേഷം കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ് എസ്എ റോഡ് നവീകരിച്ചു ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തത്. ചതുപ്പു നിറഞ്ഞ മണ്ണായതിനാൽ ഘട്ടം ഘട്ടമായി റോഡ് താഴേക്ക് ഇരിക്കുന്നതു കൊച്ചിയിലെ ഒട്ടുമിക്ക റോഡുകളുടെയും പ്രശ്നമാണ്. പലയിടങ്ങളിലും പാലങ്ങൾ ഉയർന്നിരിക്കുന്നതും അപ്രോച്ച് റോഡ് താഴ്ന്നിരിക്കുന്നതും ഇതുകൊണ്ടാണ്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

എസ്എ റോഡിൽ എളംകുളം മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തിലും സമാനമായ പ്രശ്നമുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ പെട്ടെന്നു വേഗം കുറയ്ക്കുന്നതു മൂലം അപകടത്തിൽ പെടാനുള്ള സാധ്യതയുണ്ട്. റോഡ് വീണ്ടും ടാർ ചെയ്ത് ഉയരം ക്രമീകരിക്കുക മാത്രമാണു പ്രശ്നം പരിഹരിക്കാനുള്ള പോംവഴി. എസ്എ റോഡിൽ നടപ്പാതകൾ നിർമാണം പുരോഗമിക്കുന്നുണ്ട്. കെഎംആർഎലാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. നടപ്പാത നിർമാണം പൂർത്തിയാകുമ്പോൾ ചില സ്ഥലങ്ങളിൽ റോഡിന്റെ വീതി കുറയുമെന്നും വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പുകൾ ശരിയായി സ്ഥാപിച്ചില്ലെങ്കിൽ വെള്ളക്കെട്ടിനു കാരണമാകുമെന്നും വിമർശനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com