ഇരുട്ടിൽ തപ്പി കൂത്താട്ടുകുളം ടൗൺ
Mail This Article
കൂത്താട്ടുകുളം∙ ടൗണിൽ രാത്രി ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. ആകെയുള്ള 544 വഴിവിളക്കുകളിൽ തെളിയുന്നത് 8 എണ്ണം മാത്രം. ഇതിൽ 3 എണ്ണം ഹൈമാസ്റ്റ് ലൈറ്റുകളും 2 ട്യൂബ് ലൈറ്റും 2 എൽഇഡി ബൾബും ഒരു ഫിലമെന്റ് ബൾബുമാണ്. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചമാണ് യാത്രക്കാരുടെ ഏക ആശ്രയം. 10 മണിക്കു ശേഷം സ്ഥാപനങ്ങൾ പൂട്ടുന്നതോടെ ടൗൺ കൂരിരുട്ടിലാവും.
നടപ്പുറം ബൈപാസ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ ഒരു വഴിവിളക്കു പോലും പ്രകാശിക്കുന്നില്ല. ടൗണിന്റെ ഹൃദയ ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും പ്രൈവറ്റ് ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിത്താഴവും സബ്സ്റ്റേഷൻ റോഡും ഇരുട്ടിലാണ്. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരും ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നത്. രാത്രി റോഡ് കുറുകെ കടക്കുന്നതും ശ്രമകരമാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്.
പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റിനു സമീപത്തെ ഇടവഴികൾ എന്നിവിടങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഏതാനും മാസത്തിനുള്ളിൽ ടൗണിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ടൗണിൽ നേരത്തെ സ്ഥാപിച്ച എൽഇഡി ബൾബുകൾക്ക് ആവശ്യത്തിന് വെളിച്ചമില്ലെന്നും ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുന്നതിനാലാണ് ഇവ പെട്ടെന്ന് നശിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി വൈകുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ കൗൺസിൽ യോഗത്തിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. ഭരണ നേതൃത്വം മെല്ലെപ്പോക്ക് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.