ADVERTISEMENT

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അഖിലിനു ഗവേഷണ കലാലയം മാത്രമല്ല ഉപജീവന മാർഗം കൂടിയാണ്. സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ മൂന്നാം വർഷ ഗവേഷക വിദ്യാർഥിയാണ് കെ.അഖിൽ. അതോടൊപ്പം സർവകലാശാല കന്റീനിൽ പൊറോട്ട അടിക്കുകയും ചെയ്യുന്നു. രാവിലെ കന്റീനിൽ പൊറോട്ട അടിക്കുന്ന യുവാവിനെ കുറച്ചു കഴിയുമ്പോൾ കയ്യിൽ പുസ്തകങ്ങളുമായി ക്ലാസ് മുറിയിലും ലൈബ്രറിയിലും സെമിനാറുകളിലും കണ്ട വിദ്യാർഥികൾ ആദ്യം അമ്പരന്നു. ഡോ.വത്സലൻ വാതുശേരിയുടെ കീഴിൽ ‘മലയാള സിനിമയുടെ ഭാവുകത്വ പരിണാമവും വിപണി രാഷ്ട്രീയവും’ എന്ന വിഷയത്തിലാണ് അഖിൽ ഗവേഷണം നടത്തുന്നത്. 

ദിവസവും രാവിലെ 5 മുതൽ 9 വരെ കന്റീനിൽ പൊറോട്ട അടിക്കും. അതുകഴിഞ്ഞ് ക്ലാസിലേക്കു പോകും. ദിവസവും 12 കിലോഗ്രാം പൊറോട്ട അടിക്കും. ഒരു മാസമായി ഈ പണി ചെയ്യുന്നു. കന്റീൻ ഭക്ഷണത്തിൽ ദിവസവുമുള്ള പൊറോട്ട 2 ദിവസമായി കാണാത്തതിനെ തുടർന്ന് അവിടത്തെ‍ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് പൊറോട്ട അടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഇപ്പോൾ പണിക്കു വരുന്നില്ലെന്ന് അറിഞ്ഞത്. എന്നാൽ താൻ പൊറോട്ട അടിക്കാമെന്നു പറഞ്ഞപ്പോൾ സർവകലാശാലയിലെ പൂർവ വിദ്യാർഥി കൂടിയായ കന്റീൻ നടത്തിപ്പുകാരൻ കെ.പി.ബൈജു സമ്മതം മൂളി. ആദ്യ ദിവസത്തെ പണിയോടെ തന്നെ അഖിൽ ബൈജുവിന്റെ സ്ഥിരം പണിക്കാരനായി. ഏഴാം ക്ലാസ് മുതൽ പൊറോട്ട അടിച്ച് പരിചയമുണ്ട് അഖിലിന്. 

കൊല്ലം ശൂരനാട്ടെ വീടിനോടു ചേർന്നു പിതാവ് കാർത്തികേയനും മാതാവ് ലീലയും ചെറിയ ഹോട്ടൽ നടത്തിയിരുന്നു. അവരെ സഹായിക്കാൻ അഖിലും കൂടൂമായിരുന്നു. പൊറോട്ടയ്ക്കു പുറമേ വെട്ട് കേക്ക് ഉണ്ടാക്കാനും അഖിലിന് അറിയാം. ഗായകനും ചിത്രകാരനും കൂടിയാണ്. മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്നാണ് മലയാള സാഹിത്യത്തിൽ ബിരുദം നേടിയത്. അവിടെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. സംസ്കൃത സർവകലാശാലയുടെ പന്മന സെന്ററിൽ ‍ആയിരുന്നു പിജി പഠനം.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

സംസ്കൃത സർവകലാശാലയിൽ തന്നെ മലയാളം വിഭാഗത്തിൽ നാലാം വർഷ ഗവേഷക വിദ്യാർഥി അനുശ്രീയെ അഖിൽ 2 വർഷം മുൻപ് വിവാഹം കഴിച്ചു. എഴുത്തുകാരിയാണ് അനുശ്രീ. 2 പേരും സംസ്കൃത സർവകലാശാലയിലെ 2 ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠനം. ഓൾ ഇന്ത്യ റിസർച് സ്കോളേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖിൽ. 2015 മുതൽ 2020 വരെ സിപിഎം പ്രതിനിധിയായി ശൂരനാട് പഞ്ചായത്ത് അംഗമായിരുന്നു. ക്യാംപസ് ജീവിതത്തോടൊപ്പം പൊറോട്ട അടിക്കലും ആസ്വദിക്കുന്നുവെന്നും അത്യാവശ്യം ജീവിത ചെലവുകൾ ഇതുവഴി നടന്നു പോകുന്നുവെന്നും അഖിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com