ADVERTISEMENT

പെരുമ്പാവൂർ ∙ അങ്കമാലി–ശബരി  റെയിൽവേ നിർമാണത്തിനായി പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ  കല്ലിട്ടു തിരിച്ച സ്ഥലങ്ങളുടെ വില കൊടുക്കാൻ  കേന്ദ്ര ബജറ്റിൽ അനുവദിച്ച 100 കോടി രൂപ വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നും സ്ഥലമെടുപ്പ് തഹസിൽദാർ ഓഫിസ് പ്രവർത്തനം പുനരാരംഭിക്കണമെന്നും നിയമസഭയിൽ സബ്മിഷനിലൂടെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. 

ഒരു വർഷം മുൻപു സമർപ്പിച്ച അങ്കമാലി -ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ ശബരി റെയിൽവേയുടെ പുതിയ അലൈ‍ൻമെന്റ് എന്ന് പറഞ്ഞു ചെങ്ങന്നൂരിൽ  നിന്നു പമ്പയ്ക്ക് ആകാശ റെയിൽവേക്ക് കേന്ദ്ര സർക്കാർ സർവേ  നടത്തുകയാണ്.  ഇത് എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ ജനങ്ങളെയും അങ്കമാലി-ശബരി റെയിൽവേയ്ക്ക് വേണ്ടി 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ  ഉടമകളെയും ആശങ്കയിലാക്കിയിരിക്കുന്നു. 

അങ്കമാലി- ശബരി റെയിൽവേ നിർമാണത്തിന് മുൻഗണന നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും  കത്ത് അയയ്ക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. അങ്കമാലി -  ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിൻ സർവീസ് സാധ്യമാകുന്ന വിധത്തിൽ  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കെആർഡിസിഎൽ തയാറാക്കി റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.  

ഇതിനോടകം 8  കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ  പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമിച്ചു. 1998 ൽ അനുവദിച്ചതും 111 കിലോമീറ്റർ ദൈർഘ്യമുള്ളതുമായ അങ്കമാലി -ശബരി റെയിൽവേക്കായി 70 കിലോമീറ്റർ ദൂരത്തിൽ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെ 25 വർഷം മുൻപ് കല്ലിട്ട് തിരിച്ചിട്ടുണ്ട്. കല്ലിട്ട് തിരിച്ച സ്ഥലം ഉടമകൾക്ക് സ്ഥലം വിൽക്കാനോ ബാങ്ക് ലോൺ എടുക്കാനോ കഴിയുന്നില്ല. –എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com