മാലിന്യനീക്കത്തിനു സ്വകാര്യ വാഹനങ്ങൾ: കോർപറേഷനെ വിമർശിച്ചു ഹൈക്കോടതി
Mail This Article
കൊച്ചി ∙ സ്വന്തം വാഹനങ്ങൾ കട്ടപ്പുറത്തിരിക്കെ മാലിന്യ നീക്കത്തിനു സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് എടുത്തതിനു കൊച്ചി കോർപറേഷനു ഹൈക്കോടതിയുടെയും വിമർശനം. വാടകയ്ക്ക് വാഹനമെടുക്കുന്നതു നിയന്ത്രിക്കണമെന്നും എത്രയും വേഗം വാഹനങ്ങൾ അറ്റക്കുറ്റപണി നടത്തണമെന്നും കോടതി നിർദേശിച്ചു. നിലവിൽ 23 വാഹനമാണ് ഉപയോഗിക്കുന്നതെന്നും മറ്റുള്ളവ വർക് ഷോപ്പിലാണെന്നും കോർപറേഷൻ സെക്രട്ടറി അറിയിച്ചിരുന്നു. മാലിന്യം നീക്കാനായി കോർപറേഷനു സ്വന്തമായുള്ള 97 വാഹനങ്ങളിൽ 66 എണ്ണവും 2016 മുതൽ 2021 വരെയുള്ള 5 വർഷവും റോഡിൽ ഇറക്കാൻ കഴിയാത്ത നിലയിലായിരുന്നു.
ഇക്കാര്യത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ കോർപറേഷനെ വിമർശിച്ചിരുന്നു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റോഡരികിൽ മാലിന്യം കൂട്ടിയിരിക്കുന്ന 10 സ്ഥലമെങ്കിലും കാണിച്ചു നൽകാമെന്നും മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഫോർട്ട്കൊച്ചിയിൽ ഉൾപ്പെടെ മാലിന്യം വൻതോതിൽ കടലിൽ തള്ളുന്നുണ്ട്. മാലിന്യ ശേഖരണം പരാജയപ്പെടുമ്പോഴാണിതു സംഭവിക്കുന്നത്. ബയോമൈനിങ് പദ്ധതി അടുത്ത മാസം തുടങ്ങുമെന്നു കോർപറേഷൻ അറിയിച്ചു.