നട്ടുവളർത്തിയ മുളവനം സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു, ക്രൂരത തന്നെ
Mail This Article
മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിന്റെ തീരത്ത് നട്ടുവളർത്തിയ മുളവനം സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചു. കഴിഞ്ഞ വർഷം മുള ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയാറിന്റെ തീരത്ത് നട്ടുപിടിപ്പിച്ച മുളവനമാണു ഇക്കൊല്ലത്തെ മുളദിനത്തിൽ വെട്ടി നശിപ്പിച്ചത്.പുഴത്തീരത്ത് നട്ടു പരിപാലിച്ചിരുന്ന നീർമരുത്, ആറ്റുവഞ്ചി തുടങ്ങിയ ജലത്തിൽ വളരുന്ന വിവിധയിനം മരങ്ങളും ഇവിടെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ രൂപീകരിച്ച ത്രിവേണി സംഗമത്തിന്റെ നേതൃത്വത്തിലാണ് മുള വനവും നീർക്കാടുകളും നദീതീരത്ത് ഒരുക്കിയിരുന്നത്. നദിയിലെ മലിനീകരണം തടയലും മത്സ്യ സമ്പത്ത് വർധിപ്പിക്കലും ലക്ഷ്യമിട്ട് നടപ്പാക്കിയതായിരുന്നു പദ്ധതി. ചന്തക്കടവ് ഭാഗത്തും ത്രിവേണി സംഗമത്തിലെ വനംവകുപ്പിന്റെ കീഴിലുള്ള ഭാഗങ്ങളിലും മരങ്ങൾ വെട്ടി നശിപ്പിച്ചിട്ടുണ്ട്.
മുളങ്കാട് പൂർണമായും വെട്ടി നശിപ്പിച്ച് പുഴയിൽ ഒഴുക്കിയിരിക്കുകയാണ്. കയ്യേറ്റക്കാരും പോത്ത് കച്ചവടക്കാരും ഉൾപ്പെടുന്ന ചിലരാണ് ഇതിനു പിന്നിലെന്നു ഗ്രീൻ പീപ്പിൾസ് ആരോപിച്ചു. വനം വകുപ്പിനു പരാതിയും നൽകിയിട്ടുണ്ട്. വൃക്ഷ സ്നേഹിയായ ചിറങ്ങര രാജുവാണ് വൃക്ഷങ്ങൾക്ക് തടമിടുകയും വർഷങ്ങളായി പരിപാലിക്കുകയും ചെയ്തിരുന്നത്. അതീവ സങ്കടകരമായ അനുഭവമാണ് ഇതെന്നും വർഷങ്ങളായുള്ള തന്റെ പ്രയത്നവും അധ്വാനവുമാണ് നശിപ്പിച്ചതെന്നും രാജു പറഞ്ഞു.