ADVERTISEMENT

കൊച്ചി ∙ സിസിടിവി ക്യാമറ പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനിക്ക് 600 തൂണുകളിൽ 10 വർഷത്തേക്കു പരസ്യ ബോർഡുകൾ വയ്ക്കാൻ അനുമതി നൽകുന്നതു സംബന്ധിച്ചു കോർപറേഷൻ കൗൺസിലിൽ അഭിപ്രായ ഭിന്നത. കരാർ നൽകുന്നതിനെ യുഡിഎഫ് കൗൺസിലർമാർ എതിർത്തു. പരസ്യബോർഡുകൾ വയ്ക്കാനുള്ള കാലാവധി കുറയ്ക്കുന്ന കാര്യം പരിശോധിക്കാമെന്നും നിയമ പരിശോധനയ്ക്കു ശേഷം മാത്രമേ കരാർ നൽകുകയുള്ളൂവെന്നും മേയർ എം. അനിൽകുമാർ അറിയിച്ചു.

മാലിന്യം തള്ളുന്നതു തടയാനും പൊലീസ് നിരീക്ഷണത്തിനുമായി 300 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തലശ്ശേരി ആസ്ഥാനമായ സതേൺ ഇലക്ട്രിക്കൽ ആൻഡ് സെക്യൂരിറ്റീസ് സിസ്റ്റംസിനു കരാർ നൽകുന്നതാണു പരിഗണിക്കുന്നത്. ബിഒടി രീതിയിൽ പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനിക്ക് 600 തൂണുകളിൽ 10 വർഷത്തേക്കു പരസ്യബോർഡുകൾ സ്ഥാപിക്കാൻ കോർപറേഷൻ അനുമതി നൽകണം.

എന്നാൽ പരസ്യ വരുമാനം വഴി കോർപറേഷനു കിട്ടേണ്ട കോടിക്കണക്കിനു രൂപയാണു പദ്ധതി നടപ്പാക്കിയാൽ നഷ്ടമാകുകയെന്നു യുഡിഎഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് പറഞ്ഞു. എന്നാൽ 84,500 രൂപ വീതം വിലവരുന്ന സിസിടിവി ക്യാമറകളാണു സ്ഥാപിക്കുന്ന തെന്നും വളരെ കുറഞ്ഞ തുക മാത്രമേ ഇത്തരം പരസ്യ ബോർഡുകളിൽ നിന്നു നിലവിൽ കോർപറേഷനു വരുമാനമുള്ളൂവെന്നും എൽഡിഎഫ് കൗൺസിലർ പി.എസ്. വിജു പറഞ്ഞു.

10 വർഷത്തെ പദ്ധതിയുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും കമ്പനിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്ന കാലാവധി കുറയ്ക്കുന്ന കാര്യം കമ്പനിയുമായി ചർച്ച ചെയ്യാമെന്നു മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com