ADVERTISEMENT

അങ്കമാലി ∙ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ 12.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി. സ്റ്റേഷന്റെ തെക്കു ഭാഗത്ത്‌ പുതിയ മേൽനടപ്പാലം നിർമിക്കും. റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ റൂഫിങ് വിപുലീകരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശീതീകരിച്ച വിശ്രമമുറികൾ നിർമിക്കും. നിലവിലെ സ്റ്റേഷൻ കെട്ടിടത്തിനു മുകളിലായി 4 പുതിയ റിട്ടയറിങ് മുറികളും 8 പേർക്കു താമസിക്കാവുന്ന ശീതീകരിച്ച ഡോർമട്രി സൗകര്യവും ഒരുക്കും.

പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സ്ഥാപിക്കും. കൂടുതൽ ഇരിപ്പിടങ്ങളും ലൈറ്റുകളും ഫാനുകളും സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ ശുദ്ധജലം ലഭ്യതയ്ക്കു സൗകര്യങ്ങൾ ഒരുക്കലും ഗുഡ്‌സ് ഷെഡ്‌ഡിന്റെ നവീകരണവുമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ വികസനാവശ്യങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി റെയിൽവേ ഡിവിഷനൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ ഇന്നലെ അങ്കമാലി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട വികസനാവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിനു ബെന്നി ബഹനാൻ എംപി കത്ത് നൽകിയിരുന്നു. തുടർന്നായിരുന്നു ഡിവിഷനൽ മാനേജരുടെ സന്ദർശനം. എംപിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ചേർന്നു.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് അടുത്തുള്ള സ്റ്റേഷനെന്ന നിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.ചമ്പന്നൂർ റെയിൽവേ മേൽപാലം നിർമിക്കുന്നതിനുള്ള നടപടികൾ റെയിൽവേ അംഗീകരിച്ചിട്ടുണ്ട്.

റോജി എം.ജോൺ എംഎൽഎ, നഗരസഭാധ്യക്ഷൻ മാത്യു തോമസ്, ഉപാധ്യക്ഷ റീത്ത പോൾ എന്നിവർ സംബന്ധിച്ചു. സ്റ്റേഷന്റെ തെക്കു ഭാഗത്ത്‌ പുതിയ മേൽനടപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ യാത്രക്കാർ ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഉണ്ടായിരുന്നില്ല. തെക്കു ഭാഗത്ത് ഇറങ്ങുന്നതും കയറുന്നതുമായ യാത്രക്കാർക്ക് ഏറെ ദൂരം നടന്ന് വടക്കുഭാഗത്തുള്ള പാലത്തിലെത്തിയാലാണു റെയിൽവേ പാളം മറികടക്കാൻ സാധിക്കുകയുള്ളു. വടക്കുഭാഗത്തേക്കു നടക്കാൻ മിനക്കെടാതെ റെയിൽപാളം കടന്നു ഉയരമുള്ള പ്ലാറ്റ്ഫോമിലേക്കു കയറിയാണു പല യാത്രക്കാരും പോകുന്നത്. റെയിൽപാളം കടക്കുന്നതിനിടെ യാത്രക്കാർ അപകടങ്ങളിലും പെട്ടിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com