നെൽക്കൃഷി വെള്ളത്തിനടിയിൽ; കർഷകർ ആശങ്കയിൽ ഭൂരിഭാഗവും ഒരു മാസം വളർച്ചയെത്തിയ ഞാറുകൾ
Mail This Article
ആലങ്ങാട് ∙ ശക്തമായ മഴയിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതോടെ 50 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിൽ. ആശങ്കയിൽ വെളിയത്തുനാട്ടെ കർഷകർ. കിഴക്കേ വെളിയത്തുനാട്, വയലോടം, കാർത്തിക അമ്പലം തുടങ്ങിയ പ്രദേശത്തെ നെൽക്കൃഷിയാണു വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. ഒട്ടേറെ പേരാണു പ്രദേശത്തു നെൽക്കൃഷി ഇറക്കിയിരിക്കുന്നത്.
ഒരു മാസം വളർച്ചയെത്തിയ ഞാറുകളാണു ഭൂരിഭാഗവും. കൂടാതെ കഴിഞ്ഞദിവസം വിത്തു വിതച്ച പാടവും വെള്ളത്തിനടിയിലാണ്. പാടശേഖരങ്ങളിലും കൃഷിയിടങ്ങളിലും ഒരാഴ്ചയിലധികം വെള്ളം കെട്ടിനിന്നാൽ കൃഷി നശിക്കാൻ സാധ്യതയേറെയാണ്. കൂടാതെ വെള്ളം കെട്ടിനിന്നാൽ രോഗബാധയുണ്ടാകുമെന്നും കർഷകർ പറയുന്നു.
ഇതു കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ താമസിക്കുന്നതിനാൽ കർഷകർ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്. വെള്ളം ഒഴുകി പോകാനുള്ള തോടുകൾ പലതും മൂടിയതും വീതി കുറച്ചതുമാണു വെള്ളക്കെട്ട് ഇത്രയും രൂക്ഷമാകാൻ കാരണമെന്നു കർഷകർ പറഞ്ഞു.
കുഴഞ്ഞ് വാഴക്കൃഷിയും
ആലങ്ങാട് ∙ കനത്ത മഴയിൽ വാഴയും മറ്റു പച്ചക്കറി കൃഷികളും വെള്ളക്കെട്ടിൽ. കർഷകർ ആശങ്കയിൽ. ആലങ്ങാട്– കരുമാലൂർ മേഖലയിലെ പല താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണു വെള്ളക്കെട്ടിലായിരിക്കുന്നത്.മഴ തോരാതെ പെയ്യുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ലെന്നാണു കർഷകർ പറയുന്നത്. പലരും വായ്പയെടുത്തും കടം വാങ്ങിയുമാണു കൃഷി ചെയ്യുന്നത്.
മഴ ഇനിയും തുടർന്നാൽ കൃഷിനാശം സംഭവിക്കും. അതിനാൽ കർഷകരുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നു റസിഡൻസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സുബൈർ ഖാൻ, മേഖല അസോസിയേഷൻ ഭാരവാഹികളായ സാജു കോയിത്തറ, എ.സി.രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.