കോണത്തുപുഴ കരകവിഞ്ഞു സമീപ വീടുകളിൽ വെള്ളക്കെട്ട്
Mail This Article
തെക്കൻ പറവൂർ ∙ കോണത്തുപുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴയുടെ സമീപത്തെ വീടുകളിൽ വെള്ളക്കെട്ട്. കോഴിക്കരി ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇവിടെയുള്ള 17 കുടുംബങ്ങളാണു വെള്ളക്കെട്ട് കാരണം വലയുന്നത്. പുഴയ്ക്കു കുറുകെയുള്ള ബണ്ട് നിർമാണം വൈകുന്നതാണ് ഇവിടെ വെള്ളക്കെട്ടിനു കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. രോഗികളും വയോധികരടക്കം പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വളർത്തുമൃഗങ്ങളുടെ അവസ്ഥയും ദയനീയമാണ്. പുഴയിൽ വെള്ളം കൂടി വന്ന സമയത്ത് ബണ്ട് തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് പുഴയുടെ വശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ തന്നെ താൽക്കാലിക ബണ്ട് പൊളിച്ചു മാറ്റി. മഴ ശക്തമായാൽ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയും ഇവർക്കുണ്ട്. എന്നാൽ ഇന്നലെ ബണ്ട് തുറന്നത് ആശ്വാസമായി. അടിയന്തര സാഹചര്യം ഉണ്ടായാൽ ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ദുരിതാശ്വാസ ക്യാംപ് സജ്ജമാണെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി പറഞ്ഞു.
എരൂർ ∙ പുതിയറോഡ് – ഇരുമ്പനം റോഡുകളെ ബന്ധിപ്പിക്കുന്ന നെടുങ്ങാപ്പുഴ റോഡിൽ ഇന്നലെ വള്ളം പൊങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സ്കൂട്ടർ യാത്രക്കാർ പലരും സ്കൂട്ടർ തള്ളിക്കൊണ്ട് പോകേണ്ട സ്ഥിതിയായിരുന്നു. കാൽമുട്ട് മുങ്ങുന്ന വിധമായിരുന്നു വെള്ളം. റോഡ് താഴ്ന്നു കിടക്കുന്നത് കാരണമാണ് വെള്ളക്കെട്ട് രൂക്ഷമായത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എരൂർ പമ്പാടിത്താഴം കോളനിയിലെ 7 വീടുകളിൽ വെള്ളം കയറി. വടക്കേ ഭാഗത്തെ വീടുകളിലാണു വെള്ളം കയറിയത്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഭക്ഷണം പോലും പാകം ചെയ്യാൻ കഴിയുന്നില്ലെന്നു വീട്ടുകാർ പറയുന്നു. ശുചിമുറി മാലിന്യങ്ങൾ അടക്കം പുറത്തു വന്നത് ഇവരെ വലയ്ക്കുന്നുണ്ട്.