സിറ്റി ഗ്യാസ്: കാത്തിരിപ്പ് തുടങ്ങിയിട്ട് 7 വർഷം
Mail This Article
കളമശേരി ∙ 2016ൽ കളമശേരി നഗരസഭയിൽ തുടക്കം കുറിച്ച പൈപ്പിലൂടെയുള്ള പാചകവാതക വിതരണ പദ്ധതി (സിറ്റി ഗ്യാസ്) 7 വർഷം പിന്നിടുമ്പോഴും നഗരസഭയിൽ ഒരു വാർഡിൽ പോലും പൂർണമായും നടപ്പിലാക്കാൻ കഴിഞ്ഞില്ല. നഗരസഭാ ഭരണത്തിന്റെ നിസ്സഹകരണമാണു പദ്ധതി കളമശേരിയിൽ നടപ്പിലാക്കാൻ തടസ്സമെന്നു നടത്തിപ്പുകാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അധികൃതർ പറഞ്ഞു.
മറ്റു നഗരസഭകളും കൊച്ചി കോർപറേഷനും പദ്ധതിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സഹകരണം ഉറപ്പു നൽകുകയും ചെയ്ത സാഹചര്യത്തിൽ അവിടങ്ങളിലെല്ലാം പദ്ധതി പൂർത്തിയാക്കിയിട്ടെ കളമശേരിയിലേക്കുള്ളു എന്നാണ് അവരുടെ നിലപാട്. നഗരസഭയുടെ സഹകരണമുണ്ടായിരുന്നുവെങ്കിൽ ഇതിനോടകം കളമശേരിയിലെ മുഴുവൻ വീടുകളിലും പൈപ്പു വഴിയുള്ള പാചകവാതകം എത്തുമായിരുന്നു.
ജില്ലയിൽ ഇതുവരെ 40000 വീടുകളിൽ പാചകവാതക വിതരണം പൂർത്തിയാക്കിയതായി അദാനി ഗ്യാസ് അധികൃതർ അറിയിച്ചു. 34,000 വീടുകൾ ഉള്ള നഗരസഭയിൽ 1400 കണക്‌ഷൻ മാത്രമാണ് 7 വർഷം കൊണ്ട് ഇതുവരെ നൽകാനായത്.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന മെഡിക്കൽ കോളജ് വാർഡിൽ ഗ്യാസിനായി പണമടച്ചു വർഷങ്ങളായി കാത്തിരിക്കുന്ന 112 കുടുംബങ്ങളുണ്ട്.
ഇവർക്കു കണക്‌ഷൻ നൽകണമെന്ന് ആവശ്യപ്പെടുമ്പോഴൊക്കെ ഉടൻ തരാമെന്നു പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഫോൺ വിളിച്ചാൽ ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ലെന്നും കൗൺസിലർ കെ.കെ.ശശി പറഞ്ഞു. തൊട്ടടുത്ത 20–ാം വാർഡിൽ 200 കണക്‌ഷൻ മാത്രമാണ് നൽകിയത്.
മൂലേപ്പാടം വാർഡിൽ വിരലിലെണ്ണാവുന്ന വീടുകൾക്കു മാത്രമാണ് ഗ്യാസ് എത്തിച്ചു നൽകിയത്. കളമശേരിയിലും ഏലൂരിലും നൂറുകണക്കിനു വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനുള്ള പ്ലമിങ് ജോലികൾ പൂർത്തിയാക്കി. ഏലൂർ നഗരസഭ സിറ്റി ഗ്യാസ് പദ്ധതിക്കായി വർഷങ്ങളായി കാത്തിരിക്കുകയാണ്. ചില വീടുകളുടെ ഭിത്തിവരെ ഗ്യാസ് എത്തുന്നണ്ട്. അവിടന്ന് അടുക്കളയിലേക്കു ഗ്യാസ് കണക്‌ഷൻ കൊടുത്തിട്ടില്ല. ഗ്യാസ് കണക്‌ഷൻ ലഭിച്ചവരെല്ലാം പദ്ധതി വളരെ പ്രയോജനകരമെന്നു സാക്ഷ്യപ്പെടുത്തുന്നു.
റോഡുകൾ കുഴിക്കുന്നതിലെയും അവ പുനഃസ്ഥാപിക്കുന്നതിലെയും തർക്കങ്ങളാണ് കളമശേരിയിൽ പദ്ധതിക്കു തടസ്സമായിട്ടുള്ളത്. 2 വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനു ഇരു വാർഡുകളിലെയും കൗൺസിലർമാരുടെ യോജിച്ച തീരുമാനം വേണമെന്നും കൗൺസിലർമാർക്കിടയിലെ തർക്കം ഇതിനും തടസ്സമാകുന്നതായും അദാനി ഗ്യാസ് അധികൃതർ വ്യക്തമാക്കി.