ചോറ്റാനിക്കരയിൽ വിദ്യാരംഭത്തിന് ആയിരത്തിലേറെ കുരുന്നുകൾ
Mail This Article
ചോറ്റാനിക്കര ∙ അക്ഷരരൂപിണിയുടെ സങ്കൽപത്തിൽ വീണാധാരിണിയായി ദർശനം നൽകിയ ചോറ്റാനിക്കര അമ്മയ്ക്കു മുന്നിൽ പിഞ്ചുവിരലുകൾ അക്ഷയമായ അറിവിലേക്കുളള ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കുറിച്ചു. പുലർച്ചെ നടതുറന്നപ്പോൾ തന്നെ ക്ഷേത്രാങ്കണം വിദ്യാരംഭത്തിനെത്തിയ ഭക്തരാൽ നിറഞ്ഞിരുന്നു.
രാവിലെ തന്ത്രി പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പന്തീരടി പൂജയും മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിലെ സരസ്വതി പൂജയും നടത്തിയതിനു ശേഷമാണു എഴുത്തിനിരുത്ത് ആരംഭിച്ചത്. കീഴ്ശാന്തി സി.എസ്. രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ 12 ഗുരുക്കന്മാരാണ് ക്ഷേത്ര നടയ്ക്കൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിൽ എഴുത്തിനിരുത്തിയത്.
സരസ്വതീ മണ്ഡപത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലും കുട്ടികളെ എഴുത്തിനിരുത്തി. കുട്ടികളുടെ നാവിൽ സ്വർണം കൊണ്ട് പ്രണവമന്ത്രം എഴുതിയും തളികയിലെ ഉണക്കലരിയിൽ വിരൽ പിടിച്ച് ഹരിശ്രീ കുറിച്ചുമായിരുന്നു എഴുത്തിനിരുത്ത്. ആയിരത്തിലേറെ കുരുന്നുകളാണ് ചോറ്റാനിക്കര ദേവിയുടെ നടയിൽ ആദ്യാക്ഷരം കുറിച്ചത്.
സരസ്വതി മണ്ഡപത്തിൽ പൂജയ്ക്കു വച്ച പുസ്തകങ്ങളും സംഗീതോപകരണങ്ങളും പ്രത്യേക പൂജയ്ക്കു ശേഷമുള്ള പൂജയെടുപ്പ് നടന്നു. വിദ്യാരംഭത്തിനു എത്തിയ കുരുന്നുകൾക്ക് ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ പഴം, പഞ്ചാമൃതം, സാരസ്വതം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു.
കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ കെ.കെ. വേണുഗോപാൽ, തമ്പി തിലകൻ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ചോറ്റാനിക്കര ദേവിയുടെ നടയിൽ ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകൾക്കും സമ്മാനം നൽകി മലയാള മനോരമ. മനോരമയുടെ പ്രസിദ്ധീകരണങ്ങളായ കളിക്കുടുക്ക, മാജിക് പോട്ട് എന്നിവയും മലയാളം അക്ഷരമാലയുമാണ് ആദ്യാക്ഷരം കുറിച്ച എല്ലാ കുരുന്നുകൾക്കും സമ്മാനമായി നൽകിയത്.