സ്ഫോടനത്തിന്റെ ആസൂത്രകൻ അയൽവാസിയോ? വിശ്വസിക്കാനാകാതെ നാട്ടുകാരും വീട്ടുകാരും
Mail This Article
കൊച്ചി∙ തമ്മനത്ത് താമസിക്കുന്ന മേഖലയിൽ നാട്ടുകാരുമായി വലിയ അടുപ്പമില്ലാത്ത ആളാണ് കളമശേരി സ്ഫോടനത്തിന്റെ സൂത്രധാരനായ ഡൊമിനിക് മാർട്ടിൻ. പൊലീസ് സംഘവും മാധ്യമങ്ങളും ഇയാളുടെ വാടകവീടിനു മുന്നിലെത്തിയപ്പോൾ സമീപവാസികളും അമ്പരന്നു. കേരളം തിരയുന്ന സ്ഫോടനത്തിന്റെ ആസൂത്രകൻ തങ്ങളുടെ അയൽവാസിയാണ് എന്നറിഞ്ഞപ്പോൾ പലരും ഞെട്ടി.
കൊച്ചി എളംകുളം സ്വദേശിയായ ഡൊമിനിക് മാർട്ടിനും കുടുംബവും തമ്മനം കുത്താപ്പാടിയിലെ വീടിന്റെ മുകൾ നിലയിൽ 5 വർഷമായി വാടകയ്ക്കു താമസിക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണു പൊലീസ് തമ്മനത്തെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യ മിനിയെ ചോദ്യം ചെയ്തു. ദമ്പതികൾക്ക് പ്രായപൂർത്തിയായ രണ്ടു മക്കളുണ്ട്.
ഡൊമിനിക് ഏതാനും വർഷം ദുബായിലെ കൺസ്ട്രക്‌ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തിരുന്നു. അടുത്തയിടെയാണു നാട്ടിലെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ഇയാൾ വീട്ടിൽ നിന്ന് പോയതായി ഭാര്യ പൊലീസിനോടു പറഞ്ഞു. ആ സമയം ഡൊമിനിക് മാർട്ടിന്റെ കൈവശം മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയുന്നു. സ്ഫോടനത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ തമ്മനത്തെ വീട്ടിൽ ചിത്രീകരിച്ചതല്ല എന്നാണു സൂചന.
സംഭവശേഷം ഇയാൾ വീട്ടിലേക്കു വന്നിട്ടില്ലെന്നും പറയുന്നു. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളും ഡൊമിനിക് മാർട്ടിൻ കൈകാര്യം ചെയ്യുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇയാൾക്കു സ്ഫോടക വസ്തുക്കൾ നിർമിക്കാനുള്ള സാങ്കേതിക അറിവ് എങ്ങനെ ലഭിച്ചുവെന്ന അമ്പരപ്പിലാണ് നാട്ടുകാർ. നെടുമ്പാശേരിയിൽ ഡൊമിനിക്കിന് സ്വന്തമായി ഫ്ലാറ്റുമുണ്ട്.