കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ ഏൽപിച്ച് ഓട്ടോ ഡ്രൈവർ
Mail This Article
അങ്കമാലി ∙ ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധതയെ തുടർന്നു മാധ്യമ പ്രവർത്തകയുടെ കുട്ടിയുടെ കളഞ്ഞുപോയ സ്വർണമാല തിരികെ കിട്ടി. അങ്കമാലി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തെ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പീച്ചാനിക്കാട് ഇഞ്ചക്കാടൻ ജോണിയാണു കളഞ്ഞുകിട്ടിയ ഒരു പവന്റെ മാല തിരികെ നൽകിയത്. തുണിത്തരങ്ങൾ വാങ്ങുന്നതിന് അങ്കമാലിയിലെത്തിയ ചൊവ്വര സ്വദേശി ജിഷയുടെ മകൾ ഗൗരികയുടെ (3) മാലയാണ് കഴിഞ്ഞ ശനിയാഴ്ച അങ്കമാലി ബസ് സ്റ്റാൻഡിനു സമീപം കളഞ്ഞുപോയത്. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകുന്നതിനിടെയാണു മാല നഷ്ടമായത്. മാല കിട്ടിയ ജോണി, ആരോ റോഡിൽ ഉപേക്ഷിച്ച മുക്കുപണ്ടമെന്നു കരുതി ഓട്ടോറിക്ഷയുടെ പെട്ടിയിലിട്ടു. മാലയുടെ വിവരങ്ങൾ സുഹൃത്തുക്കളോടു പങ്കുവച്ചപ്പോൾ അവർ മാല വിശദമായി നോക്കി. സമീപത്തെ ജ്വല്ലറിയിൽ പരിശോധിച്ചതോടെയാണു മാല സ്വർണമാണെന്നു മനസ്സിലായത്. ഇന്നലെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിയ ജിഷയ്ക്കും കുട്ടിക്കും പൊലീസിന്റെ സാന്നിധ്യത്തിൽ മാല കൈമാറി.