ഇരിക്കുന്നതിന് നേർരേഖയിലുള്ള 2 കമ്പികൾ മാത്രം; കമ്പികളുടെ നടുക്ക് വിടവും!
Mail This Article
കാലടി∙ ബസ് കാത്തു നിൽപ് കേന്ദ്രത്തിൽ ഇടമില്ലാതെ യാത്രക്കാർ വലയുന്നു. പഞ്ചായത്ത് ഒരു വർഷം മുൻപ് നിർമിച്ച ബസ് കാത്തു നിൽപ് കേന്ദ്രം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇവിടെ ഇരിക്കുന്നതിന് നേർരേഖയിലുള്ള 2 കമ്പികൾ മാത്രമാണുള്ളത്. കമ്പികളുടെ നടുക്ക് വിടവാണ്. ഇതിൽ ഇരിക്കണമെങ്കിൽ നിരന്തര അഭ്യാസം വേണം. വയോധികർക്കും കുട്ടികൾക്കും ഇരിക്കാൻ മാർഗമില്ല.കമ്പികൾ ഉറപ്പിച്ചിരിക്കുന്നതു കാരണം നിൽക്കുവാനും സ്ഥലം കുറവാണ്. മാത്രമല്ല ബസ് കാത്തു നിൽപ് കേന്ദ്രത്തിന്റെ മുകളിലെ ഷീറ്റുകൾ പലതും ഇല്ലാതായി. മഴയും വെയിലും സഹിച്ചു ബസ് കാത്തു നിൽക്കേണ്ട അവസ്ഥയാണ്.
മഴക്കാലം ആയതോടെയാണ് യാത്രക്കാർ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബസ് കാത്തു നിൽപ് കേന്ദ്രത്തിന്റെ പിറകുവശം നിറയെ മാലിന്യമാണ്. അതിനാൽ പിന്നോട്ടു നോക്കാതെ മുന്നോട്ടു മാത്രം നോക്കി നിൽക്കണം. ബസ് കാത്തു നിൽക്കാൻ ഇവിടെ മറ്റു മാർഗവുമില്ല.ആദിശങ്കര കീർത്തി സ്തംഭ മണ്ഡപത്തിനും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്കും നേരേ എതിർവശത്താണ് ബസ് സ്റ്റാൻഡ്. അനേകം യാത്രക്കാരും തീർഥാടകരും ദിവസേന വന്നു പോകുന്ന സ്ഥലമാണിത്.