ബ്രഹ്മപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസിനു കൈമാറിയെന്ന് കോർപറേഷൻ
Mail This Article
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു കോർപറേഷനിലെ ഫയലുകളെല്ലാം വിജിലൻസിന്റെ കൈവശമാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു വിവരാവകാശ പ്രവർത്തകൻ വി.ആർ. സുരേഷ്കുമാറിന്റെ ചോദ്യത്തിനാണു ഫയലുകൾ അന്വേഷണത്തിനായി വിജിലൻസിനു കൈമാറിയിരിക്കുകയാണെന്നു കോർപറേഷൻ വെളിപ്പെടുത്തിയത്.
വിവരാവകാശ നിയമ പ്രകാരം കോർപറേഷനോടുള്ള ചോദ്യം: 2010 മുതൽ 2023 മാർച്ച് വരെ പ്രതിവർഷം എത്ര ടൺ മാലിന്യം വീതമാണു കോർപറേഷൻ ബ്രഹ്മപുരത്ത് എത്തിച്ചത്? ഇക്കാലയളവിൽ പ്രതിവർഷം എത്ര ടൺ ജൈവ മാലിന്യമാണു സംസ്കരിച്ചു വളമാക്കി മാറ്റിയത്?
കോർപറേഷന്റെ മറുപടി: വിവരാവകാശ നിയമപ്രകാരം താങ്കൾ ആവശ്യപ്പെട്ട ചോദ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടതനുസരിച്ചു കൈമാറിയിട്ടുള്ളതാണ്. ടി രേഖകൾ വിജിലൻസിൽ നിന്നു തിരികെ ലഭിക്കുന്ന മുറയ്ക്കു ചോദ്യത്തിനു മറുപടി നൽകുന്നതാണ്. ബ്രഹ്മപുരത്തു മാർച്ചിലുണ്ടായ തീപിടിത്തത്തെ തുടർന്നു വിജിലൻസ് അന്വേഷണത്തിനു സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. തീപിടിത്തം മാത്രമല്ല, ബ്രഹ്മപുരം പ്ലാന്റിന്റെ തുടക്കം മുതലുള്ള മുഴുവൻ കാര്യങ്ങളും അന്വേഷണപരിധിയിൽ വരുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 2010 മുതലുള്ള ഫയലുകൾ വിജിലൻസിനു കൈമാറിയെന്നാണു കോർപറേഷന്റെ മറുപടിയിൽ നിന്നു വ്യക്തമാകുന്നത്.
ബ്രഹ്മപുരത്തു ഭൂമിയും പട്ടാളപ്പുഴു കമ്പനികളും
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു ബയോമൈനിങ് കരാറുകാരായ സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാർ കോർപറേഷൻ റദ്ദാക്കുകയും പകരം പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ബ്രഹ്മപുരത്ത് എത്തിക്കുന്ന ജൈവ മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാൻ 2 കമ്പനികൾക്കു കോർപറേഷൻ കരാർ നൽകിയിട്ടുണ്ട്. ബ്ലാക്ക് സോൾജ്യർ ഫ്ലൈ (പട്ടാളപ്പുഴു) ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്കരണത്തിനു സിഗ്മ, ഫാബ്കോ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള വിൻഡ്രോ കംപോസ്റ്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്കായി രണ്ടര കോടി രൂപയും കോർപറേഷൻ വകയിരുത്തിയിട്ടുണ്ട്. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പഠന റിപ്പോർട്ട് കോർപറേഷൻ ബിപിസിഎല്ലിനു കൈമാറിയിട്ടുണ്ട്.