ജീവപര്യന്തം തടവുകാർക്ക് എൽഎൽബി പഠിക്കാം; പരീക്ഷകൾക്കും മറ്റും ഇടക്കാല ജാമ്യവും
Mail This Article
കൊച്ചി ∙ വെവ്വേറെ കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂരിലെ ജയിലുകളിൽ കഴിയുന്ന രണ്ടു തടവുകാർക്കു എൽഎൽബി ക്ലാസുകളിൽ ഓൺലൈനായി പങ്കെടുക്കാൻ ഹൈക്കോടതി അനുമതി. പരീക്ഷ ഉൾപ്പെടെ നേരിട്ട് ഹാജരാകേണ്ട സന്ദർഭങ്ങളിൽ ഇടക്കാല ജാമ്യം അനുവദിക്കാനും ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിനു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
ഉന്നത പഠനത്തിനായി ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടാക്ക സുരേഷ് ബാബു നൽകിയ ജാമ്യാപേക്ഷയിലാണു ഉത്തരവ്. എന്നാൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എൽഎൽബി പ്രവേശന പരീക്ഷ രണ്ടു തടവുകാരും പാസായിരുന്നു.
കണ്ണൂർ ചീമേനി ജയിലിലുള്ള സുരേഷ് ബാബുവിനു മൂന്നുവർഷ കോഴ്സിന് മലപ്പുറം കെഎംസിടി കോളജിലും കണ്ണൂർ സെൻട്രൽ ജയിലിലുള്ള വി.വിനോയിക്ക് അഞ്ചുവർഷ കോഴ്സിനു പൂത്തോട്ട ശ്രീനാരായണ ലോ കോളജിലുമാണു പ്രവേശനം ലഭിച്ചത്. ഓൺലൈൻ ക്ലാസുകളിൽ ഇരുവർക്കും പങ്കെടുക്കാനായി വേണ്ട സൗകര്യമൊരുക്കാൻ ജയിലുകളിലെ സൂപ്രണ്ടുമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും ഹൈക്കോടതി നിർദേശം നൽകി.
മൂട്ട്കോർട്ട്, സെമിനാർ, വർക്‌ഷോപ്, ഇന്റേൺഷിപ്, പരീക്ഷ, പ്രാക്ടിക്കൽ ട്രെയിനിങ് തുടങ്ങിയവയ്ക്കായി ഇവർക്ക് ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടുപേരുടെ ഉറപ്പിലും ഇടക്കാല ജാമ്യം അനുവദിക്കാൻ ജയിൽ സൂപ്രണ്ടിനും നിർദേശം നൽകിയിട്ടുണ്ട്. ഇരുവരും ഇതുസംബന്ധിച്ച് സർവകലാശാലയുടെയും കോളജിന്റെയോ രേഖകൾ സഹിതം ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകണം. ഓൺലൈനിലൂടെ ക്ലാസിൽ പങ്കെടുക്കണമെന്ന ആവശ്യത്തെ എംജി, കാലിക്കറ്റ് സർവകലാശാലകൾ എതിർത്തിരുന്നു.