തോക്ക് ചൂണ്ടി വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ
Mail This Article
കിഴക്കമ്പലം∙ പിതാവിനൊപ്പം കാറിൽ വിശ്രമിക്കുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ നിന്ന് ഇറക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2ന് കിഴക്കമ്പലം താമരച്ചാൽ ബൈപാസ് റോഡിൽ വയലോരം മേഖലയിലാണ് സംഭവം. പിതാവ് സുഹൃത്തിന്റെ കടയിലെത്തിയതായിരുന്നു.
കാറിലിരുന്ന് കുട്ടി മൊബൈലിൽ കളിക്കുന്നതിനിടെ ബൈക്കിൽ തോക്കുമായെത്തിയ ആൾ പുറത്തിറങ്ങണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി. കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ ഇയാൾ ബൈക്കിൽ വേഗത്തിൽ സ്ഥലം വിട്ടു. സമീപത്തെ കടയിലുള്ളവർ ഓടിയെത്തുമ്പോഴേക്കും പേടിച്ചരണ്ട കുട്ടി ബോധരഹിതയായി. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ബൈക്കിലെത്തിയ ആളെ കണ്ടെത്തി. കസ്റ്റഡിയിലുള്ള ആളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.