ADVERTISEMENT

കൊച്ചി ∙ ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം സിബിഐയെ ഏൽപിച്ച് ഉത്തരവിറക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് മുൻ ജീവനക്കാരനും ജനറൽ ലേബർ യൂണിയൻ വൈസ് പ്രസിഡന്റുമായിരുന്ന തിരുവനന്തപുരം സ്വദേശി എസ്.ജയൻ നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് കെ.ബാബു ഉത്തരവിട്ടത്.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ മാലിന്യ നിയന്ത്രണ പ്ലാന്റിനു വിദേശത്തുനിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അഴിമതി നടന്നെന്ന് ആരോപിച്ചാണു കേസ്. 120 കോടി രൂപയുടെ അഴിമതി ആരോപിക്കുന്ന കേസിൽ ഉമ്മൻ ചാണ്ടിയെക്കൂടാതെ, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർ ആരോപണ വിധേയരായി. ടൈറ്റാനിയം മുൻ ചെയർമാൻ ടി. ബാലകൃഷ്ണനും മുൻ എംഡിമാരും ഉൾപ്പടെ 6 പേർ കേസിൽ പ്രതികളാണ്. 

അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.  ഇതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിന്റെ എല്ലാ രേഖകളും സിബിഐയ്ക്ക് 2019 ഡിസംബറിൽ കൈമാറി. എന്നാൽ അന്വേഷണം സിബിഐയെ ഏൽപിച്ചു കേന്ദ്രസർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കിയിട്ടില്ലെന്നും ഹർജിയിൽ അറിയിച്ചു. സംസ്ഥാനത്തിനു പുറത്തും രാജ്യാന്തര തലത്തിലും അന്വേഷണം വേണ്ടതിനാൽ സിബിഐ ഏറ്റെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം..

എന്നാൽ അന്വേഷണം സിബിഐക്ക് ഏറ്റെടുക്കാനാവില്ലെന്നു 2020 ൽ കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. 20 വർഷം മുൻപു നടന്ന ഇടപാടിന്റെ  രേഖകൾ ഇപ്പോൾ ശേഖരിക്കുക പ്രായോഗികമല്ല, ഇന്ത്യയും ഫിൻലൻഡും തമ്മിൽ നിയമ സഹായ കരാറുകൾ നിലവിലില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ രാജ്യാന്തര ബന്ധം ആരോപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേസ് ഏറ്റെടുക്കാനും ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com