ADVERTISEMENT

കൊച്ചി ∙ ശബരിമല തീർഥാടന കാലത്തിന് ഇന്നു തുടക്കമാകുമ്പോൾ എറണാകുളം സൗത്ത് (ജംക്‌ഷൻ), നോർത്ത് (ടൗൺ) റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർ ഇത്തവണ അൽപമൊന്നു വിയർക്കും.ഇരു സ്റ്റേഷനുകളിലും നവീകരണ ജോലികൾ സജീവമായതിനാൽ സ്ഥല പരിമിതിയാണു തീർഥാടകർ രണ്ടിടത്തും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം.രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഷനുകളിലേക്ക് എത്താൻ ഏതാനും വർഷംകൂടി കാത്തിരിക്കണം. സൗത്ത് സ്റ്റേഷനിൽ തീർഥാടകർക്കു വിരിവയ്ക്കാൻ രണ്ട്–മൂന്ന് പ്ലാറ്റ്ഫോമുകളുടെ ഇടയിലായി വടക്കുഭാഗത്തു ക്രമീകരണം ഏർപ്പെടുത്താനാണു തീരുമാനം. 

ഇതിനുള്ള പന്തലും മറ്റു സൗകര്യങ്ങളും സ്പോൺസർഷിപ്പിലൂടെയാണു കണ്ടെത്താറുള്ളത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. സൗത്തിൽ പോർട്ടബിൾ ശുചിമുറി നടത്തിപ്പിന്റെ ടെൻഡർ വിളിച്ചിരുന്നെങ്കിലും തീരുമാനമായില്ല. രണ്ടുകാര്യത്തിലും ഉടൻ നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. 

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ തെലുങ്ക്, തമിഴ് ഭാഷകളിൽക്കൂടി അനൗൺസ്മെന്റ് ഒരുക്കും. തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഏതാനും ദിവസത്തിനകം വിപുലമാക്കും.പാർക്കിങ് സൗകര്യമാണ് ഇരു സ്റ്റേഷനുകളിലും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സൗത്ത് സ്റ്റേഷനിൽ റെയിൽവേ ഏരിയ മാനേജരുടെ ഓഫിസിനു സമീപം പാർക്കിങ് സൗകര്യം ഏർപ്പെടുത്താനാണു തീരുമാനം. സൗത്തിൽ നിന്നുള്ള കെഎസ്ആർടിസി സ്പെഷൽ ബസ് സർവീസുകൾ തുടങ്ങി.

സൗത്ത് സ്റ്റേഷനിൽ നിന്നു തീർഥാടകരെ കയറ്റാനും ഇറക്കാനുമുള്ള സ്വകാര്യ വാഹനങ്ങൾക്കുള്ള പെർമിറ്റ് വിതരണം ഇന്നലെ നടത്തി. ഇരുനൂറോളം പാസുകൾ വിതരണം ചെയ്തു.ഈ പെർമിറ്റിൽ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം കിട്ടില്ല. തീർഥാടകരിൽ നിന്ന് അംഗീകൃത നിരക്കേ ഈടാക്കാവൂ. തീർഥാടകരുടെ പരാതിക്ക് ഇടയാക്കാതെ ട്രിപ്പ് നടത്തണമെന്നു റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. പരാതികൾ ലഭിച്ചാൽ പെർമിറ്റ് റദ്ദാക്കും.

നോർത്ത് റെയിൽവേ സ്റ്റേഷനി‍ൽ പ്രധാന കാത്തിരിപ്പു കേന്ദ്രത്തിനു സമീപം തീർഥാടകർക്കു വിരിവയ്ക്കാൻ‍ സൗകര്യമൊരുക്കി. ഐലൻഡ്, ശബരി എക്സ്പ്രസുകളിൽ വരുന്ന അയൽ സംസ്ഥാന തീർഥാടകർ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കു മറ്റും പോകാൻ നോർത്ത് സ്റ്റേഷനിലാണ് ഇറങ്ങുക. ഇവിടെ സ്റ്റേഷനു പുറത്തെ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. സ്റ്റേഷനിലേക്കും തിരിച്ചും വൺവേ ഗതാഗതക്രമീകരണം അധികൃതരുടെ പരിഗണനയിലാണ്. ഇക്കാര്യം പൊലീസുമായി ചർച്ച ചെയ്യും. ടിക്കറ്റ് കൗണ്ടറുകളുടെ കുറവും ഇവിടെ പ്രശ്നമാണ്. തീർഥാടകരുടെ തിരക്കു വിലയിരുത്തി ക്രമീകരണം ഏർപ്പെടുത്താനാണ് ആലോചന. രണ്ടിടത്തും അധികമായി ആർപിഎഫ്, ഗവ. റെയി‍ൽവേ പൊലീസ് അംഗങ്ങളുടെ സേവനം തേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com