ക്ഷേത്രത്തിൽ മോഷണം: ഒരാൾ പിടിയിൽ
Mail This Article
കൂത്താട്ടുകുളം∙ മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പൂവക്കുളം നെടുംപുറത്ത് വേലായുധൻ ആചാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. പുലർച്ചെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഓടു പൊളിച്ചാണു മോഷ്ടാവ് അകത്തുകടന്നത്. കുത്തിത്തുറന്ന ഭണ്ഡാരത്തിനു ചുറ്റും ഉണക്കമീൻ വിതറിയിരുന്നു. ഓഫിസിനകത്തെ മേശയും ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരവും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 10,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു നിഗമനം.
മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം വർധിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കാക്കൂർ ആമ്പശേരിക്കാവ്, മുത്തോലപുരം തെക്കേമഠം ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിൽ 2 തവണയും പാലക്കുഴ ഭഗവതി ക്ഷേത്രം, തിരുമാറാടി എടപ്ര ഭഗവതി ക്ഷേത്രം, കോഴിപ്പിള്ളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഒരു തവണയും മോഷണം നടന്നു. പല ക്ഷേത്രത്തിലും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും കവർച്ച പതിവാകുകയാണ്. മോഷ്ടാക്കളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.