ADVERTISEMENT

കൊച്ചി ∙ അറബിക്കടലോരത്തെ സുന്ദര നഗരത്തിലേക്കു വീണ്ടും അത്യാഡംബര വിനോദ യാത്രക്കപ്പലുകൾ ഒഴുകിയെത്തുകയാണ്; കേരളം കാണാൻ. ഒരുപക്ഷേ, ആഡംബരത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിക്കാം, ചലിക്കുന്ന ഈ കടൽക്കൊട്ടാരങ്ങളെ! പഞ്ചനക്ഷത്ര സൗകര്യമുള്ള സ്വീറ്റ് റൂമുകൾ, ബാറുകൾ, മ്യൂസിക് – ഡാൻസ് തിയറ്ററുകൾ, ആഗോള രുചി വിഭവങ്ങൾ വിളമ്പുന്ന ഒട്ടേറെ റസ്റ്ററന്റുകൾ, സ്പാകൾ, ജിം – ഫിറ്റ്നസ് സെന്ററുകൾ, അഡ്വഞ്ചർ സ്പോർട്സ് സൗകര്യങ്ങൾ... എല്ലാമുണ്ട്, ഈ സമുദ്രക്കൊട്ടാരങ്ങളിൽ. അവയ്ക്കെല്ലാം അപ്പുറം, നീലക്കടലിന്റെ ഭംഗിയും ആകാശ മനോഹാരിതയും സമ്മാനിക്കും ആ കടൽ ദിനരാത്രങ്ങൾ! സീസണു തുടക്കമിട്ടു കൊച്ചിയിലെത്തുന്ന ആദ്യ ക്രൂസ് യാനമായ സെലിബ്രിറ്റി എഡ്ജിന് ഡിടിപിസിയുടെയും തുറമുഖ അധികൃതരുടെയും നേതൃത്വത്തിൽ ഇന്നു രാവിലെ സ്വീകരണം നൽകും. സഞ്ചാരികൾക്കായി വാർഫിൽ താൽക്കാലിക ഗിഫ്റ്റ് ഷോപ്പുകളും ഒരുക്കും.

കൈ നിറയെ കോടികൾ! 
എല്ലാ ശരി തന്നെ. കപ്പലൊക്കെ വരുന്നുണ്ട്; അതിൽ ധാരാളം ടൂറിസ്റ്റുകളും. അതുകൊണ്ടു നാട്ടുകാർക്കെന്തു നേട്ടം എന്നാരും ചോദിക്കില്ല! കാരണം, അത്രയേറെയാണു കേരളത്തിന്റെ, കൊച്ചിയുടെ, സമീപ ടൂറിസം കേന്ദ്രങ്ങളുടെ പണപ്പെട്ടിയിലേക്ക് ഈ വിദേശ സഞ്ചാരികൾ നൽകുന്ന സംഭാവന. ക്രൂസ് ടൂറിസം സജീവമാകുന്നതു നവംബർ – മേയ് കാലയളവിലാണ്. ഈ സീസണിൽ കൊച്ചി സന്ദർശിക്കുന്നത് 34 വിദേശ ക്രൂസ് സർവീസുകളും 19 ആഭ്യന്തര സർവീസുകളുമാണ്.

ആഡംബര കപ്പലുകളേറി ഓരോ സാമ്പത്തിക വർഷവും ശരാശരി 280 – 300 കോടി രൂപയാണു കേരളത്തിലെത്തുന്നത്. ചില വർഷങ്ങളിൽ സഞ്ചാരികളും ജീവനക്കാരും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം പേർ വരെ എത്തിയിട്ടുണ്ട്.

വിദേശ ക്രൂസ് ഷിപ്പുകളുടെ വരവിൽ രാജ്യത്ത് ഒന്നാം നിരയിലാണു കൊച്ചി തുറമുഖം. വിവിധ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അതിസമ്പന്നരാണു ക്രൂസ് ടൂറിസ്റ്റുകളിലേറെയും. ഓരോ സഞ്ചാരിയും ഏകദേശം 300 – 350 ഡോളർ വീതമെങ്കിലും കേരളത്തിൽ ചെലവിടുമെന്നാണു വിലയിരുത്തൽ.

ഫോർട്ട്കൊച്ചിയും ആലപ്പുഴയും 
കൊച്ചിയിലേക്കെത്തുന്ന ക്രൂസ് ടൂറിസ്റ്റുകളിൽ 75 ശതമാനം പേരും സന്ദർശിക്കുന്ന ഒരിടമുണ്ട്; ഫോർട്ട്കൊച്ചി! മൂന്നാറും ആലപ്പുഴയും കുമരകവും മട്ടാഞ്ചേരിയും വൈക്കവുമൊക്കെ കണ്ടാസ്വദിച്ചു മടങ്ങുന്ന അവർ ചെലവിടുന്ന പണം എത്രയോ പേരുടെ ജീവിത മാർഗമായി മാറുന്നു; ടൂറിസം മേഖലയിലെ സംരംഭകരും തൊഴിലെടുക്കുന്നവരും ഉൾപ്പെടെ. കഷ്ടിച്ച് ഒരു പകൽ കൊണ്ടു ക്രൂസ് ടൂറിസ്റ്റുകൾ ചെലവിടുന്നത് എത്രയോ വലിയ തുക. രാവിലെ തുറമുഖത്തടുക്കുന്ന ക്രൂസ് വെസലുകൾ വൈകിട്ടു തീരം വിടും.

‘‘കൊച്ചി പോർട്ട് അതോറിറ്റിയുടെ അനുമതിയോടെ പ്രീ പെയ്ഡ് കൗണ്ടർ മുഖേനയാണു ഞങ്ങൾ വിദേശ വിനോദ സഞ്ചാരികളെ ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമൊക്കെ കൊണ്ടുപോകുന്നത്. ആകെ 271 ഓട്ടോറിക്ഷകൾ. തുറമുഖത്തെ ഡിടിപിസി കൗണ്ടറിൽ എത്തുന്ന അതിഥികളെ പൈതൃക സ്മാരകങ്ങൾ കാണിച്ചു തിരിച്ചു തുറമുഖത്ത് എത്തിക്കുന്നതിന് 15 ഡോളറാണ് ഈടാക്കുന്നത്. 3 മണിക്കൂർ ദൈ‍ർഘ്യമുള്ള യാത്ര. വിനോദ സഞ്ചാര കപ്പലുകൾ വരുമ്പോൾ പഴയതു പോലെ ഓട്ടം കിട്ടുന്നില്ല. ഒരുപാടു പേർ ട്രാവൽ ഏജൻസികളുടെ ബസിൽ പോകുന്നുണ്ട്. വരുന്ന ടൂറിസ്റ്റുകളിൽ പകുതി പേരെയെങ്കിലും ടാക്സികളിലും ഓട്ടോറിക്ഷകളിലും കൊണ്ടു പോകുന്നതിനു സൗകര്യം ഒരുക്കണം.’’

English Summary:

Kochi Welcomes Luxury Cruise Season: Economy Set to Sail with Crores in Tourism Revenue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com