തെളിവിനായി ഡിവിആർ പിടിച്ചെടുത്തു, ഇനിയും മടക്കി നൽകാതെ പൊലീസ്
Mail This Article
ആലുവ∙ അഞ്ചു വയസ്സുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതിക്കു കോടതി വധശിക്ഷ വിധിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആ സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് നഗരസഭ ഓഫിസിൽ നിന്ന് അഴിച്ചു കൊണ്ടുപോയ ഡിവിആർ തിരികെ ലഭിച്ചില്ല. ഇതുമൂലം 3 മാസത്തിലേറെയായി നഗരത്തിലെ 53 എച്ച്ഡി ക്യാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങളൊന്നും സൂക്ഷിക്കാൻ കഴിയുന്നില്ല. നഗര സുരക്ഷയെ ഗൗരവമായി ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണിത്. തെളിവുകൾ ശേഖരിച്ച ശേഷം ഡിവിആർ തിരിച്ചു നൽകുകയോ പകരം മറ്റൊന്നു നൽകുകയോ ചെയ്യണമെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ റൂറൽ എസ്പിയോടു പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
ഓഗസ്റ്റ് 4നാണ് നഗരസഭ ഓഫിസിലെ സെർവർ റൂമിൽ നിന്നു തേളിവു ശേഖരണത്തിന്റെ ഭാഗമായി പൊലീസ് ഡിവിആർ പിടിച്ചെടുത്തത്. പ്രതി ബാലികയെയും കൂട്ടി മാർക്കറ്റിൽ പോയതിന്റെയും മറ്റും ദൃശ്യങ്ങൾ ഇതിൽ നിന്നാണു ലഭിച്ചത്. ഇനി ഡിവിആർ സ്ഥാപിക്കുന്നതു വരെ ഇത്തരം തെളിവു ശേഖരണം നടക്കില്ല. സെപ്റ്റംബർ 7ന് എടയപ്പുറത്ത് ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആലുവ മാർത്താണ്ഡവർമ പാലത്തിനു സമീപമാണ് ഒളിച്ചത്. ഡിവിആർ ഇല്ലാത്തതിനാൽ അതിന്റെയൊന്നും ദൃശ്യങ്ങൾ ലഭിച്ചില്ല.