അപകടം സൃഷ്ടിച്ച് വൈദ്യുതി പോസ്റ്റുകൾ
Mail This Article
നെടുമ്പാശേരി ∙ വിമാനത്താവളത്തിൽ നിന്ന് മറ്റൂരിലേക്കുള്ള റോഡരികിൽ വൈദ്യുതി പോസ്റ്റുകൾ അപകടകരമാം വിധം റോഡിലേക്ക് തള്ളി നിൽക്കുന്നു. ഇത് തുടർച്ചയായി അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. റോഡ് അടുത്തിടെ വീതി കൂട്ടി നിർമിച്ചപ്പോഴാണ് വൈദ്യുതി പോസ്റ്റുകൾ റോഡിനോട് ചേർന്ന് വന്നത്. റോഡിനോട് ചേർന്ന് നിൽക്കുന്ന പോസ്റ്റുകൾ വിമാനത്താവള യാത്രക്കാർ ഉൾപ്പെടെയുള്ള മുഴുവൻ യാത്രക്കാർക്കും അപകടങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം നിരന്തരം അപകടങ്ങളുമുണ്ടാക്കുന്നു.
അപകടകരമായ പോസ്റ്റുകൾ മാറ്റി പകരം ഭൂഗർഭ കേബിളുകൾ സ്ഥാപിക്കണമെന്ന് കോൺഗ്രസ് എയർപോർട്ട് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ജി.ജോർജ്, ഷിയോ പോൾ, കെ.വി.ബേബി, ബിജു പൂവേലി, ഡെൻസി ടോണി, ഷിജോ പോൾ എന്നിവർ പ്രസംഗിച്ചു. ഇതു സംബന്ധിച്ച് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ഇലക്ട്രിക് സെക്‌ഷൻ അധികൃതർക്ക് നിവേദനം നൽകി. അപകടകരമായി നിൽക്കുന്ന പോസ്റ്റ് ഉടനെ മാറ്റാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.