ദിലീപിനും നിവിൻ പോളിക്കും പുരസ്ക്കാരങ്ങൾ വാരിവിതറി ആങ്കറിങ് മത്സരാർഥികള്‍
Mail This Article
കാലടി ∙ അവതരണ മികവുകൊണ്ട് സിബിഎസ്‌ഇ കലോത്സവ മൽസരവേദി കീഴടക്കി ആങ്കറിങ് മത്സരാഥികള്‍. യുവജനോത്സവവേദികളിലെ താരതമ്യേന പുതിയ മത്സരയിനമായ ആങ്കറിങ്ങിൽ 47 മത്സരാഥികളാണ് മാറ്റുരയ്ക്കാനെത്തിയത്. പുതിയ മത്സരയിനമാണെങ്കിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. ഓരോരുത്തരും തങ്ങളുടേതായ അവതരണ ശൈലികൊണ്ട് കാണികളുടെ കൈയ്യടി നേടി. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ സാങ്കല്‍പ്പിക അവതാരകര്‍ ആവുകയായിരുന്നു ഓരോരുത്തരും.
ചിലര്‍ ദിലീപിനും നിവിന്‍ പോളിക്കും മലയാള സിനിമയ്ക്കും പുരസ്‌കാരങ്ങള്‍ വാരിവിതറി. മറ്റു ചിലരാകട്ടെ അത് കൊറിയന്‍ സിനിമകള്‍ക്കാണ് നല്കിയത്. സൗത്ത് കൊറിയന്‍ ചിത്രമായ പാരസൈറ്റിനാണ് നാലാഞ്ചിറ നവജീവന്‍ ബെഥനി വിദ്യാലയത്തിലെ റോജ ജോയ് മികച്ച സിനിമയ്ക്കുളള പുരസ്‌കാരം നല്കിയത്. വാക്ചാതുര്യവും സ്പുടതയും മികച്ച പ്രകടനവും കൊണ്ട് റോജ നിമിഷങ്ങള്‍ക്കുളളില്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഒരു ദിവസം മാത്രമാണ് ഇതിനായി പരിശീലനം നടത്തിയതെന്ന റോജ പറഞ്ഞു.
ഒരു ദിവസം മുതല്‍ ആഴ്ചകളോളം വരെ പ്രാക്ടീസ് ചെയ്തവരാണ് മത്സരാർഥികള്‍ പലരും. വോയ്സ് മോഡുലേഷനിലും ശരീരഭാഷയുമെല്ലാം അതീവശ്രദ്ധയോടെ നടത്തിയ ഇവരുടെ പ്രകടനങ്ങള്‍ മികവുറ്റതായി. ചലച്ചിത്ര പുരസ്‌കാരദാന പരിപാടികള്‍ കണ്ട് അവയുടെ സ്‌ക്രിപ്റ്റുകള്‍ മനസ്സിലാക്കി തങ്ങളുടെ അഭിരുചിക്കനുസരിച്ച് മാറ്റുകയാണ് പലരും ചെയ്തതെങ്കിലും അവതരണത്തിലെ വ്യത്യസ്തതകള്‍ ശ്രദ്ധേയമായിരുന്നു. കൂട്ടത്തില്‍ സ്വയം പഠിച്ചവരും മാതാപിതാക്കളുടെയും വിദഗ്ധരുടേയും കീഴില്‍ അഭ്യസിച്ചവരുമുണ്ടായിരുന്നു.