പരുക്കേറ്റ കാലുമായി എത്തി; തുളളലില്‍ ഒന്നാം സ്ഥാനം നേടി മൈഥിലി
Mail This Article
കാലടി ∙ കാലിലെ പരുക്കു വകവയ്ക്കാതെ തുളളല്‍ മൽസരത്തിൽ പങ്കെടുത്ത മൈഥിലിക്ക് ഒന്നാം സ്ഥാനം. ലിഗമെന്റിന് പരിക്കേറ്റ കാലുമായാണ് കാറ്റഗറി മൂന്നില്‍ മൈഥിലി മണികണ്ഠന്‍ ഓട്ടംതുളളല്‍ ആടി തീര്‍ത്തത്. കാലിന് പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നുവെങ്കിലും മത്സരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ മൈഥിലിയുടെ മനസ് സമ്മതിച്ചില്ല. നൃത്തത്തോടുളള മകളുടെ അഭിനിവേശം അറിയാവുന്നതിനാല്‍ മാതാപിതാക്കളും അവള്‍ക്കൊപ്പം നിന്നു.
തൃശ്ശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയായ മൈഥിലി രണ്ടു വര്‍ഷം മുന്‍പാണ് ഓട്ടംതുളളല്‍ പഠിക്കാന്‍ ആരംഭിച്ചത്. മൂന്നാം വയസ്സ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും അവിചാരിതമായാണ് തുളളലിലേക്ക് എത്തിപ്പെട്ടത്. സ്‌കൂളിലെ അധ്യാപകരാണ് തുളളലും മൈഥിലിക്ക് വഴങ്ങുമെന്ന് നിര്‍ദേശിച്ചത്. മണലൂര്‍ ഗോപിനാഥാണ് ഗുരു.
മോഹിനിയാട്ടത്തിനും കുച്ചിപ്പുടിക്കും രണ്ടാം സ്ഥാനവും സംഘനൃത്തത്തിന് മൂന്നാം സ്ഥാനവും മൈഥിലി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ തുളളലിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിലെല്ലാം സജീവമാണ് മൈഥിലി.