തൃക്കാർത്തിക ദീപപ്രഭയിൽ ചോറ്റാനിക്കര ദേവീക്ഷേത്രം
Mail This Article
ചോറ്റാനിക്കര ∙ തൃക്കാർത്തിക ദീപപ്രഭയിൽ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം. ചോറ്റാനിക്കരയമ്മയുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ചു ഭക്തിസാന്ദ്രമായി നടന്ന തൃക്കാർത്തിക ദീപക്കാഴ്ചയിൽ ആയിരക്കണക്കിനു ഭക്തർ പങ്കെടുത്തു. ദീപാരാധനയ്ക്കു മുൻപു മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി ആദ്യദീപം തെളിച്ചതോടെ ദീപക്കാഴ്ചയ്ക്കു തുടക്കമായി. തുടർന്നു ഭക്തർ ചേർന്നു വിളക്കുകളിൽ ദീപനാളം പകർന്നതോടെ നിറദീപക്കാഴ്ച ഒരുങ്ങി. ശ്രീകോവിലിൽ നെയ്ത്തിരികളാണു ശോഭ പകർന്നത്.
പുലർച്ചെ വിശേഷാൽ അഭിഷേകത്തിനു ശേഷം വർഷത്തിൽ 5 ദിവസം മാത്രമുള്ള ഉഷഃപൂജയും പതിവു നവകം, എതൃത്തപൂജ എന്നിവയും നടന്നു. 25 കലശം, പന്തീരടിപ്പൂജ, ശ്രീഭൂതബലി എന്നിവയ്ക്കു തന്ത്രി പുലിയന്നൂർ ശ്രീജിത്ത് നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. തിരുനാളിൽ സർവാഭരണവിഭൂഷിതയായി മകം നാളിൽ ചാർത്തുന്ന വിശേഷാൽ തങ്ക ഗോളകയും ആടയാഭരണങ്ങളും ചാർത്തിയാണു ദേവി ഭക്തർക്കു ദർശനം നൽകിയത്. 2,500 പേർക്കു തിരുനാൾ സദ്യ വിളമ്പി. ശേഷം ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ മേളത്തോടെ 5 ഗജവീരന്മാരോടുകൂടി കാഴ്ചശീവേലി നടന്നു.
ദീപക്കാഴ്ചയ്ക്കും ശേഷം നടന്ന തൃക്കാർത്തിക വിളക്കിനു 51 കുത്തുവിളക്കുകളുടെ അകമ്പടിയോടെ 5 ആനകൾ അണിനിരന്നു. ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ നടന്ന പഞ്ചവാദ്യത്തോടെയാണു കാർത്തിക വിളക്കെഴുന്നള്ളിപ്പു നടന്നത്. ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, പ്രശാന്ത് നമ്പൂതിരിപ്പാട്, ഇ.കെ. അജയകുമാർ, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി, കെ.കെ. വേണുഗോപാലൻ, തമ്പി തിലകൻ, പ്രകാശൻ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
രോഹിണി നാളായ ഇന്ന് ഉച്ചയ്ക്കു 2നു ഭക്തിഗാനാമൃതം, 3നു തിരുവാതിരകളി, 3.30നു ക്ലാസിക്കൽ ഡാൻസ്, 4.30നു നൃത്തനൃത്യങ്ങൾ, 5.30നു തിരുവാതിര, 6നു നൃത്തനൃത്യങ്ങൾ, പഞ്ചാരിമേളം, 7നു ക്ലാസിക്കൽ ഡാൻസ്, 8.30നു നൃത്താർപ്പണം, കുഴൂർ സുധാകര മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ 5 ആനകൾ അണിനിരക്കുന്ന രോഹിണി വിളക്ക്.
മകയിരം നാളായ നാളെ 3.30നു ഉദയനാപുരം ഉദയകുമാറിന്റെയും സംഘത്തിന്റെയും നാഗസ്വരത്തോടെ കാഴ്ചശീവേലി, പുല്ലാങ്കുഴൽ മേളം, 4.30നു തിരുവാതിരകളി, 5നു ഭക്തിഗാനമേള, 6നു തിരുവാതിരകളി, 6.15നു നൃത്തസന്ധ്യ, 7.15നു ഭരതനാട്യം, 7.45നു നൃത്തനൃത്യങ്ങൾ, 8.30നു ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ 5 ആനകൾ അണിനിരക്കുന്ന മകയിരം വിളക്കോടെ തൃക്കാർത്തിക ഉത്സവം സമാപിക്കും.