കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിൽ ബസ് നിർത്തുന്നത് തോന്നുംപടി
Mail This Article
തൃപ്പൂണിത്തുറ ∙ കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുന്നത് ജംക്‌ഷനോടു ചേർന്ന്. ഇത് ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ. കിഴക്കേക്കോട്ടയിൽ പുതിയകാവ് ഭാഗത്തേക്ക് പോകുന്ന പല ബസുകളും വളവിൽ തന്നെ നിർത്തിയാണ് ആളെ കയറ്റി ഇറക്കുന്നത്. പ്രധാനമായും രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്ന ബസുകളുടെ ഈ പ്രവൃത്തി. ബസ് മിനിറ്റുകളോളം ഇവിടെ നിർത്തിയിടുന്നതും പതിവാണ്. ഇതോടെ ബസ് എടുക്കുന്നതു വരെ റോഡിൽ ചെറുവാഹനങ്ങൾ കാത്തുകിടക്കണം.
പല വാഹനങ്ങളും വലതു വശത്തുകൂടി കടന്നു പോകാൻ ശ്രമിക്കുമെങ്കിലും സാധിക്കാതെ വരും. ഇതോടെ ഇവിടെ ഗതാഗത കുരുക്കുണ്ടാകും. ജംക്‌ഷനിൽ പൊലീസ് ഉള്ളപ്പോൾ മാത്രമാണ് ബസുകൾ മുൻപോട്ടു കയറ്റി നിർത്തുന്നത്. ബസുകൾ വളവിൽ തന്നെ നിർത്തുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്. പിറകിൽ ഉള്ള വാഹനങ്ങൾ ബസുകളെ മറി കടന്ന് കയറിപ്പോകാൻ ശ്രമിക്കുമ്പോൾ ബസിറങ്ങി റോഡ് കുറുകെ കടക്കുന്ന യാത്രക്കാരെ കാണാൻ കഴിയില്ല.
പലപ്പോഴും കാൽനടയാത്രികർ തലനാരിഴയ്ക്കാണു അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്. ബസ് മുൻപോട്ട് കയറ്റി നിർത്താത്തതു സംബന്ധിച്ച് ഒട്ടേറെ തവണ പരാതി പറഞ്ഞെങ്കിലും അധികൃതർ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടെയുള്ള ബസ് സ്റ്റോപ് കുറച്ചുകൂടി തെക്കോട്ടു മാറ്റി ബോയ്സ് ഹൈസ്കൂൾ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് മുൻപ് ഉന്നതതല യോഗത്തിൽ നിർദേശം ഉണ്ടായിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.