ADVERTISEMENT

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബിടെക് വിദ്യാർഥികളുടെ ടെക്ഫെസ്റ്റിനിടയിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു വിദ്യാർഥികൾ മോചിതരായില്ല. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇന്നലെ ക്ലാസുകൾ ആരംഭിച്ചെങ്കിലും എത്തേണ്ടിയിരുന്ന 1300 വിദ്യാർഥികളിൽ 4 പേർ മാത്രമാണ് ക്യാംപസിൽ എത്തിയത്. ഇവരിൽ ഒരാൾ മാത്രമാണു കോളജിനകത്തു തയാറാക്കിയിരുന്ന കൗൺസലിങ് ഹാളിൽ കയറിയത്. പരസ്പരം അഭിമുഖീകരിക്കാനുള്ള വിഷമമാണ് വിദ്യാർഥികൾക്കുള്ളത്. ദുരന്തത്തിന്റെ പേരിൽ പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹുവിനെ ബലിയാടാക്കാനുള്ള നീക്കത്തിലും വിദ്യാർഥികൾക്ക് അമർഷമുണ്ട്.

സ്കൂൾ ഓഫ് എൻജിനീയീറിങ്ങിൽ ബിടെക് 5, 7 സെമസ്റ്റർ ക്ലാസുകളാണ് ഇന്നലെ ആരംഭിച്ചത്. ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റർ ക്ലാസുകൾ 4ന് പുനരാരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അധ്യാപകർ ഓരോ വിദ്യാർഥിയെയും അവരുടെ വീടുകളിൽ വിളിച്ചു നേരിട്ടും രക്ഷിതാക്കൾ മുഖേനയും ആശ്വസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. സർവകലാശാലയിലെ യൂത്ത് വെൽഫെയർ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ജീവനി - സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിങ് പ്രോഗ്രാം, ജില്ല മാനസിക ആരോഗ്യ പരിപാടി എന്നിവരുടെ സഹകരണത്തോടെ വിദ്യാർഥികൾക്കും ആവശ്യമുള്ള ജീവനക്കാർക്കും വിശദമായ കൗൺസലിങ്ങിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കും ജീവനക്കാർക്കും മാതാപിതാക്കൾക്കും ഫോണിൽ കൗൺസലർമാരുമായി ബന്ധപ്പെടാം. എല്ലാ ദിവസവും രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ 9037140611, 7594862553, 9778440326 എന്നീ നമ്പറുകളിലും വൈകിട്ട് 3.30 മുതൽ രാത്രി 9.30 വരെ 9846136125, 9074744351, 8368665997 എന്നീ നമ്പറുകളിലും സേവനം ലഭ്യമാണ്.

ഉപസമിതി അന്വേഷണം പൂർത്തിയായി
കളമശേരി∙ കൊച്ചി സർവകലാശാല ഓപ്പൺ എയർ ഓഡ‍ിറ്റോറിയത്തിൽ 25നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾ മരിക്കുകയും 64 േപർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർവകലാശാല നിയോഗിച്ച സിൻഡിക്കറ്റ് ഉപസമിതി അന്വേഷണം പൂർത്തിയാക്കി. സിൻഡിക്കറ്റംഗം കെ.കെ.കൃഷ്ണകുമാർ കൺവീനറായിട്ടുള്ള സിൻഡിക്കറ്റ് ഉപസമിതി ഇന്ന് ഇടക്കാല റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ടെക്നിക്കൽ ടീം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ‍ഡോ.എം.എസ്.രാജശ്രീയുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തി മടങ്ങിയിരുന്നു. ഇവരുടെ റിപ്പോർട്ട് തയാറായിട്ടില്ല.

ഓഡിറ്റോറിയത്തിന്റെ താക്കോൽ 2 മാസമായി വിദ്യാർഥി നേതാവിന്റെ കയ്യിൽ; രണ്ടുമാസമായി ഓഡിറ്റോറിയം തുറന്നുകിടന്നു
കളമശേരി∙ കൊച്ചി സർവകലാശാലയിൽ 4 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത ദുരന്തം നടന്ന കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ 2 മാസമായി ക്യാംപസിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കൈവശമായിരുന്നു. 2 മാസം മുൻപ് വിദ്യാർഥി യൂണിയന്റെ പരിപാടിക്കായി വാങ്ങിയ താക്കോൽ പിന്നീടു വിദ്യാർഥി നേതാവ് തിരികെ നൽകിയില്ല. ധിഷ്ണ ടെക്ഫെസ്റ്റിനായി 2 ദിവസത്തേക്കു സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. ഈ വിദ്യാർഥികൾക്കു താക്കോൽ നൽകിയിരുന്നില്ല. അവരാകട്ടെ ചോദിച്ചു വാങ്ങിയതുമില്ല.

വിദ്യാർഥികൾ എത്തുമ്പോൾ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടം തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മറ്റു 4 ഗേറ്റുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആരും അത് ശ്രദ്ധിച്ചതുമില്ല. ദുരന്തം നടന്നതിനു ശേഷം താക്കോലുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് താക്കോൽ റജിസ്ട്രാർ ഓഫിസിലോ ടെക്ഫെസ്റ്റ് നടത്തിയവരുടെ പക്കലോ ഇല്ലെന്നും 2 മാസമായി വിദ്യാർഥി നേതാവിന്റെ കയ്യിലാണെന്നും വ്യക്തമാകുന്നത്. താക്കോൽ തിരികെ വാങ്ങാൻ റജിസ്ട്രാറുടെ ഓഫിസ് ശ്രമിച്ചതുമില്ല. കഴിഞ്ഞ 9 മാസമായി ഓഡിറ്റോറിയത്തിന്റെ നിയന്ത്രണം റജിസ്ട്രാറുടെ ഓഫിസാണു നിർവഹിക്കുന്നത്.

English Summary:

CUSAT Tech Fest Accident: Stampede Claims Four Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com