ADVERTISEMENT

കാക്കനാട്∙ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകൾക്കു മുൻപിൽ നിറയുന്നതു മൂലം സമീപ റോഡുകളിൽ കുരുക്കു മുറുകുന്നു. പാലാരിവട്ടം, തൃക്കാക്കര പൊലീസ് സ്റ്റേഷനുകൾക്ക് മുൻപിലെ റോഡുകളിലാണ് തൊണ്ടി വാഹനങ്ങൾ കൂടുതൽ. മറ്റു സ്റ്റേഷൻ പരിസരങ്ങളിലും ഇത്തരം വാഹനങ്ങളുണ്ട്. ഇവ ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തു നൽകി. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും വിധമാണ് തൊണ്ടി വാഹനങ്ങളുടെ കിടപ്പ്. തിരക്കേറിയ ജംക‍്ഷനിലാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ. ഇതിനു മുൻപിൽ തൊണ്ടി വാഹനങ്ങളുടെ വൻ നിര കാണാം.

പൊലീസ് സ്റ്റേഷനിലും സമീപ കടകളിലും എത്തുന്നവരുടെ വാഹനങ്ങൾ കൂടി പാർക്ക് ചെയ്യുന്നതോടെ റോഡിന്റെ വലിയൊരു ഭാഗം ഇതിനു വേണ്ടി മാറ്റി വയ്ക്കേണ്ടി വരുന്നു. ഇതുമൂലം രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തൃക്കാക്കര മുനിസിപ്പൽ ജംക‍്ഷനിൽ നിന്നു കൊല്ലംകുടിമുകളിലേക്കുള്ള തിരക്കേറിയ റോഡിലാണ് തൃക്കാക്കര പൊലീസ് സ്റ്റേഷൻ. ഈ റോഡരികിലാണ് ഒട്ടേറെ തൊണ്ടി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇരുചക്ര വാഹനം മുതൽ വൻകിട വാഹനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ലഹരി ഇടപാടു കേസുകൾ പെരുകിയതോടെ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ പിടിയിലാകുന്നതിനാൽ ഇവ സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്.

ഡംപിങ് യാഡ് തേടി വലഞ്ഞു
തൊണ്ടി വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട സർക്കാർ വാഹനങ്ങളും സൂക്ഷിക്കാൻ വാഹന ഡംപിങ് യാഡ് സ്ഥാപിക്കാനുള്ള സ്ഥലം അന്വേഷിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. തുതിയൂരിലും തെങ്ങോടിലും നേരത്തെ സ്ഥലം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം കൈമാറിക്കിട്ടിയില്ല. കലക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫിസുകളിലെ ഉപയോഗ ശൂന്യമായ ഒട്ടേറെ വാഹനങ്ങൾ സിവിൽ സ്റ്റേഷൻ വളപ്പിൽ കിടപ്പുണ്ട്. ഇവ ഉൾപ്പെടെ നീക്കാൻ കളമശേരിയിൽ കിൻഫ്രയുടെ സ്ഥലം ലഭ്യമാക്കാൻ മോട്ടർ വാഹന വകുപ്പ് ശ്രമിക്കുന്നുണ്ട്. അത്യാധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് കൂടി സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് മോട്ടർ വാഹന വകുപ്പിന്റെ സ്ഥലം തേടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com