മുനിസിപ്പൽ സ്റ്റേഡിയം നവീകരണം ക്ലബ്ബുകളുമായി ചർച്ച നടത്തി
Mail This Article
പറവൂർ ∙ മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭാധ്യക്ഷ ബീന ശശിധരൻ വിവിധ ക്ലബ്ബുകളുമായി ചർച്ച നടത്തി. നിലവിൽ സ്റ്റേഡിയം ഉപയോഗിക്കുന്ന 8 ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുത്തു. ക്രിക്കറ്റിനും ഫുട്ബോളിനും ഒരുപോലെ പ്രാധാന്യം നൽകി സ്റ്റേഡിയം നവീകരിക്കണമെന്നും കളിക്കാർക്ക് ആവശ്യമായ ഡ്രസിങ് റൂം, ശുചിമുറി സൗകര്യം, സ്നാക്സ് പാർലർ, പാർക്കിങ് സൗകര്യം, ക്രിക്കറ്റ് പ്രാക്ടീസ് സൗകര്യം എന്നിവ ഒരുക്കണമെന്നും വെള്ളക്കെട്ട് ഇല്ലാത്ത തരത്തിൽ ഗ്രൗണ്ടിനു ചുറ്റും കാന നിർമിക്കണമെന്നും ക്ലബ് അംഗങ്ങൾ ആവശ്യപ്പെട്ടു.
നഗരസഭാധ്യക്ഷ ബീന ശശിധരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, പൊതുമരാമത്ത് സീനിയർ ആർക്കിടെക്ട് ബാലമുരുഗൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജെസിമോൾ ജോഷ്വ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ പരിശോധന നടത്തി.
നഗരസഭയിൽ നിന്നു ടോട്ടൽ സ്റ്റേഷൻ സർവേ എടുത്തു പൊതുമരാമത്ത് വകുപ്പിനു കൈമാറിയിരുന്നു. സ്റ്റേഡിയം നവീകരിക്കാൻ ആർക്കിടെക്ചറൽ ഡ്രോയിങ് തയാറാക്കി നൽകുന്ന മുറയ്ക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗം തയാറാക്കുന്ന വിശദമായ എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ തുക എംഎൽഎയുടെ ആസ്തി വികസന സ്കീമിൽ അനുവദിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു.