നവകേരള സദസ്സ്; തൃക്കാക്കരയിൽ ഒരുക്കം പൂർണം
Mail This Article
കാക്കനാട്∙ തൃക്കാക്കര നിയോജക മണ്ഡലത്തിൽ നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കരയിലെ പരിപാടി. 25,000 പേരെത്തുമെന്ന് സംഘാടക സമിതി ചെയർമാൻ സി.എം.ദിനേശ്മണി പറഞ്ഞു. രാവിലെ 8ന് പരാതികൾ സ്വീകരിച്ചു തുടങ്ങും. ഇതിനായി 30 കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. 10 വീതം കൗണ്ടറുകൾ സ്ത്രീകൾക്കും പുരുഷൻമാർക്കും 5 വീതം കൗണ്ടറുകൾ ഭിന്നശേഷിക്കാർക്കും പ്രായം ചെന്നവർക്കുമാണ്.
പരാതികൾ തയാറാക്കുന്നതിനു സഹായിക്കാൻ ഇന്നും നാളെയും കുന്നുംപുറം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ സേവന വിഭാഗം പ്രവർത്തിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും രാവിലെ 11ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലെ വേദിയിലെത്തും. തൃക്കാക്കര മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പേരെ ശനിയാഴ്ച തൃപ്പൂണിത്തുറയിൽ മുഖ്യമന്ത്രി നടത്തുന്ന പ്രഭാത സദസ്സിൽ പങ്കെടുപ്പിക്കും.
പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിലും പാട്ടുപുരക്കാവ് ക്ഷേത്ര മൈതാനിയിലും പാർക്ക് ചെയ്യണം. അവിടം നിറഞ്ഞാൽ ശേഷിക്കുന്ന വാഹനങ്ങൾക്ക് ഭാരതമാത കോളജ്, രാജഗിരി കോളജ് പരിസരങ്ങളിൽ പാർക്ക് ചെയ്യാം. നവകേരള സദസ്സിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെ 164 കേന്ദ്രങ്ങളിൽ നാളെ ദീപാലങ്കാരം തീർക്കും.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ, ഫ്ലാഷ്മോബ്, കൂട്ടയോട്ടം, പഴയകാല വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ടെക്കികൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകളിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപെടുത്തുമെന്ന് സംഘാടക സമിതി കൺവീനറും ഡപ്യൂട്ടി കലക്ടറുമായ ബി.അനിൽകുമാറും രക്ഷാധികാരി എ.ജി.ഉദയകുമാറും പറഞ്ഞു.