ചാത്തനാട് - കടമക്കുടി പാലം മാർച്ചിൽ പൂർത്തീകരിക്കും
Mail This Article
പറവൂർ ∙ ചാത്തനാട് – കടമക്കുടി പാലം നിർമാണം 2024 മാർച്ചിൽ പൂർത്തീകരിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ജിഡയുടെ ഫണ്ട് ഉപയോഗിച്ചു കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് പണിയുന്നത്. ചാത്തനാട് – മൂലമ്പിള്ളി തീരദേശ പാതയിലുള്ള പാലങ്ങളിൽ ഒന്നാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് നിർമാണം തുടങ്ങിയത്. ഭൂവുടമകൾ ഹൈക്കോടതിയിൽ കേസ് നൽകിയതിനാൽ പാലം നിർമാണത്തിനു സ്ഥലം വിട്ടുകിട്ടാൻ കാലതാമസം നേരിട്ടു.
കരാറുകാരൻ ഇടയ്ക്കുവച്ചു പിന്മാറുകയും ചെയ്തു. ജിഡയുടെ യോഗം ചേർന്നു ബാക്കി നിർമാണം പൂർത്തിയാക്കാൻ തുക അനുവദിക്കാൻ ഉണ്ടായ കാലതാമസവും പ്രതിസന്ധിയായി. നിലവിൽ നിർമാണം പുരോഗമിക്കുന്നുണ്ട്. മൂലമ്പിള്ളി – ചാത്തനാട് തീരദേശ പാതയിൽ കടമക്കുടി – പിഴല പാലം കൂടി നിർമിക്കണം. ഈ പാലം കൂടി പൂർത്തീകരിച്ചാലേ തീരദേശ പാത യാഥാർഥ്യമാകൂ.