ADVERTISEMENT

നെടുമ്പാശേരി ∙ പുത്തൻതോട് ലിഫ്റ്റ് ഇറിഗേഷനിൽ നിന്നുള്ള പമ്പിങ് നിലച്ചതോടെ പ്രദേശം രൂക്ഷമായ വരൾച്ചയുടെ വക്കിൽ. ലീഡിങ് ചാനലിൽ ചെളി നിറഞ്ഞതോടെ പെരിയാറിൽ നിന്ന് വെള്ളം ഒഴുകിയെത്താത്തതാണ് പമ്പിങ് നിർത്തി വെയ്ക്കാൻ കാരണമായത്. പെരിയാറിന്റെ കൈവഴിയായ പനയക്കടവിൽ നിന്നാണ് പുത്തൻതോട്ടിലേക്കുള്ള കനാൽ ആരംഭിക്കുന്നത്. തോട്ടിൽ ചെളിയുടെയും പായലിന്റെയും തടസ്സം മൂലം നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.

പെരിയാറിലെ ജലനിരപ്പ് താഴുന്നതും ഇതിന് കാരണമായിട്ടുണ്ട്. പുത്തൻതോട്ടിലെ പായലും ചണ്ടിയും മറ്റും പല തവണ നീക്കിയെങ്കിലും ചെളിയുടെ തടസ്സം മൂലം നീരൊഴുക്ക് തടസ്സപ്പെട്ടത് നീക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടായിട്ടില്ല.  ദിവസവും 12 മണിക്കൂറാണ് പുത്തൻതോട് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ വെള്ളമില്ലാത്തതിനാൽ പലപ്പോഴും രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോഴേ പമ്പിങ് നിർത്തേണ്ടി വരുന്നു. വേനൽ കനത്തതോടെ ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലായിട്ടുണ്ട്.

ചെങ്ങമനാട്, പൊയ്ക്കാട്ടുശേരി, അത്താണി. കുറുപ്പനയം, മേയ്ക്കാട്, നെടുങ്കുണ്ട, എരുമക്കുഴി, കുന്നിശേരി പ്രദേശങ്ങളിൽ വരൾച്ച രൂക്ഷമായിട്ടുണ്ട്. നെല്ലിന് പുറമെ കപ്പ, വാഴ, പച്ചക്കറി കൃഷികളും വെള്ളം കിട്ടാതെ ഉണങ്ങി നശിക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളം കിട്ടാത്തതിനാൽ കാംകോ നടത്തുന്ന നെൽ കൃഷിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 50, 25 വീതം എച്ച്പിയുടെ ഓരോ മോട്ടറുകളാണ് ഇവിടെയുള്ളത്. സാധാരണയായി നവംബർ മാസത്തിൽത്തന്നെ തോടും കനാലുകളും വൃത്തിയാക്കാറുള്ളതാണ്. ഇത്തവണ കനാൽ മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികൾ നന്നാക്കിയത്. ലീഡിങ് ചാനൽ 2 വർഷത്തോളമായി വൃത്തിയാക്കിയിട്ടില്ല. ഇത്തരം ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മാറ്റിയതാണ് കാരണം. ഇപ്പോൾ കരാറുകാരാണ് ഈ ജോലികൾ ചെയ്യുന്നത്. ഇതാകട്ടെ സർക്കാർ നടപടികളുടെ ചുവപ്പു നാടയുടെ കുരുക്കിലും.

 2.6 കിലോമീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ളതാണ് പുത്തൻതോട് ലീഡിങ് ചാനൽ. ഇതിലെ ജലനിരപ്പ് താഴാതിരിക്കാൻ ഒരു സമഗ്ര പഠനം നടത്തി ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു. ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷൻ സ്കീമും ചെങ്ങമനാട് നമ്പർ 2 ലിഫ്റ്റ് ഇറിഗേഷൻ സ്കീമും സുഗമമായി പ്രവർത്തിപ്പിക്കാൻ നടപടി അത്യാവശ്യമായിരിക്കുകയാണ്. പുറപ്പിള്ളിക്കാവ് പാലത്തിന്റെ തടയണ പ്രവർത്തിപ്പിച്ചാൽ തോട്ടിലെ ജലനിരപ്പ് ഉയരാനാവുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com