ADVERTISEMENT

കാലടി∙ മരോട്ടിച്ചോട് പാണ്ടൻകുളത്തിന്റെ പുനരുദ്ധാരണം തുടങ്ങി. കുളം നവീകരിക്കാൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 13 ലക്ഷം രൂപയുടെ ടെൻഡറായി. കുളത്തിലെ പായലും ചെളിയും നീക്കി നവീകരിക്കാനാണ് പദ്ധതി നിർദേശം. കുളം നിലവിൽ ഉപയോഗശൂന്യമാണ്. നിറയെ പായലും ചെളിയുമാണ്. അടിയിൽ വെള്ളം ഉണ്ടെങ്കിലും കുളത്തിലേക്ക് ഇറങ്ങാൻ കഴിയില്ല. 25 അടിയോളം ആഴം ഉണ്ടാകും. മാലിന്യം കാരണം കുളത്തിൽ ഈച്ചയും കൊതുകും പെരുകി. ഇഴജന്തുക്കളുടെ ശല്യവുണ്ട്. കാർഷിക ഗ്രാമമായ മരോട്ടിച്ചോടിലെ പ്രധാന ജലസ്രോതസായിരുന്നു നേരത്തെ പാണ്ടൻകുളം.

നാട്ടുകാർ മാത്രമല്ല ഇതര നാടുകളിൽ നിന്നുള്ളവരും ഇവിടെ കുളിക്കാൻ എത്തുമായിരുന്നു. വസ്ത്രങ്ങൾ അലക്കുന്നതിനും ആളുകൾ പാണ്ടൻകുളത്തെ ആശ്രയിച്ചിരുന്നു. അക്കാലത്ത് കുളത്തിന്റെ പരിസരത്ത് വസ്ത്രങ്ങൾ അലക്കി കൊടുത്ത് ഉപജീവനം നടത്തുന്ന ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്നു. ചുറ്റും 3 പൂ നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരമായിരുന്നു. പാണ്ടൻകുളത്തിലെ വെള്ളമാണ് പ്രധാനമായും കൃഷിക്ക് ഉപയോഗിച്ചിരുന്നത്. പാടശേഖരവും കൃഷിയും ഇല്ലാതായതോടെ പാണ്ടൻകുളത്തിന്റെ നാശം തുടങ്ങി. കുളത്തിന്റെ വിസ്തൃതി കുറഞ്ഞ് 60 സെന്റ് വരെയായി.

പാണ്ടൻകുളത്തെ ഗ്രാമീണ ടൂറിസത്തിന് ഉപയുക്തമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ പറഞ്ഞു. നിലവിൽ അനുവദിച്ചിട്ടുള്ള തുകയ്ക്കു പുറമേ നവീകരണത്തിന് അടുത്ത സാമ്പത്തിക വർഷം കൂടുതൽ തുക വകയിരുത്തും. കുളത്തിന്റെ 4 വശവും കല്ലുകെട്ടി സംരക്ഷിക്കുക, ചുറ്റും നടപ്പാത നിർമിക്കുക, ഇരിക്കാൻ ബെഞ്ചുകൾ നിർമിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

500 മീറ്റർ അകലെ 40 സെന്റ് വിസ്തൃതിയുള്ള കണ്ണൻകുളം കഴി‍ഞ്ഞ വർഷം ഇതേ മാതൃകയിൽ ബ്ലോക്ക് പഞ്ചായത്ത് 9 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചിരുന്നു. 2 കുളങ്ങളെയും ബന്ധപ്പെടുത്തി ഒരു ടൂറിസ്റ്റ് പാക്കേജ് ഉണ്ടാക്കുന്നത് നാടിനു പ്രയോജനപ്പെടും. 2 കുളങ്ങളുടെ മധ്യത്തിലൂടെ ഇടതുകര കനാൽ പോകുന്നതു കാരണം കുളങ്ങളിലേക്ക് വെള്ളം എത്തിക്കാനും കഴിയും. എംസി റോഡിൽ നിന്ന് അധികം ദൂരമില്ലെ ന്നതും അനുകൂല ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com