ADVERTISEMENT

പറവൂർ ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തെ ലാവണ്യ എന്ന വീട്ടിൽ നിന്ന് എക്സൈസ് സംഘം 2 കിലോഗ്രാം കഞ്ചാവ് പിടികൂടി. വീട്ടുടമ മനോജ്കുമാറിനെ (53) അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 6.30നാണു സംഭവം.മനോജ്കുമാറും മകൻ നിഥിനുമാണ് (23) ഇവിടെ താമസം. മനോജിന്റെ ഭാര്യ രണ്ടു വർഷം മുൻപു മരിച്ചു. വീടിനു പുറത്തുണ്ടായിരുന്ന നിഥിൻ എക്സൈസ് ഉദ്യോഗസ്ഥർ വരുന്നതു കണ്ട് അകത്തേക്ക് ഓടി.  വീട്ടിലെ നായയെ അഴിച്ചുവിട്ടിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് അകത്തു കടക്കാനായില്ല. കുറച്ചു സമയമെടുത്താണു മനോജ്കുമാർ നായയെ ഗേറ്റിൽ ചങ്ങല കൊണ്ട് പൂട്ടിയത്.

ഈ തക്കം നോക്കി വീടിന്റെ മുകളിലെ നിലയിൽ നിന്നു തൊട്ടടുത്ത സ്ഥലം വഴി നിഥിൻ രക്ഷപ്പെട്ടു. അകത്തു കയറിയ ഉദ്യോഗസ്ഥർ മുറികൾ തുറന്നു നൽകാൻ ആവശ്യപ്പെട്ടെങ്കിലും മനോജ്കുമാർ കൂട്ടാക്കിയില്ല. ഒടുവിൽ ബലം പ്രയോഗിച്ചു തുറന്ന മുറിയിൽ നിന്നാണു കഞ്ചാവു പിടികൂടിയത്. 6 വർഷം മുൻപു കഞ്ചാവ് കൈവശം വച്ച സംഭവത്തിൽ പറവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു നിഥിനെ പിടികൂടിയിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ കാക്കനാട് ജുവനൈൽ കോടതിയിൽ ഹാജരാക്കി നല്ലനടപ്പിനു ശിക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com