നായയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട പ്രതി പിടിയിൽ
Mail This Article
പറവൂർ ∙ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലെ വളർത്തു നായയെ അഴിച്ചുവിട്ടു കടന്നുകളഞ്ഞ ലാവണ്യ വീട്ടിൽ നിഥിൻ (23) പിടിയിൽ. ഇന്നലെ നഗരത്തിലെ ഒരു സഹകരണ ബാങ്കിൽ സാമ്പത്തിക ഇടപാടിന് എത്തിയപ്പോഴാണ് എക്സൈസ് – പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.സുഹൃത്തുക്കൾക്കൊപ്പം കാറിലാണു നിഥിൻ ബാങ്കിൽ എത്തിയത്.
എക്സൈസും പൊലീസും വരുന്നതു കണ്ട സുഹൃത്തുകൾ കാറുമായി രക്ഷപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തെ വീട്ടിൽ ചൊവ്വ വൈകിട്ട് എക്സൈസ് അധികൃതർ പരിശോധനയ്ക്ക് എത്തിയപ്പോഴാണു നായയെ അഴിച്ചുവിട്ട് നിഥിൻ കടന്നുകളഞ്ഞത്. നായ ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് അകത്തുകടക്കാനായില്ല.
പിന്നീട്, നിഥിന്റെ അച്ഛൻ മനോജ്കുമാർ നായയെ പൂട്ടിയശേഷമാണു പരിശോധന നടത്തിയത്. വീട്ടിൽ നിന്നു 2 കിലോഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു. അറസ്റ്റിലായ മനോജ്കുമാറിനെ (53) കോടതി റിമാൻഡ് ചെയ്തു.6 വർഷം മുൻപു കഞ്ചാവ് കൈവശം വച്ച സംഭവത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നിഥിനെ പിടികൂടിയിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു.