പൊലീസ് സ്റ്റേഷനിലും ക്രിസ്മസ്, പുതുവർഷം
Mail This Article
ക്രിസ്മസിനെ വരവേൽക്കാൻ കാലടി പൊലീസ് സ്റ്റേഷൻ ഒരുങ്ങി. പൊലീസ് സ്റ്റേഷൻ വർണ ബൾബുകളാൽ അലങ്കരിച്ചിരിക്കുകയാണ്.കൂടാതെ 15 ക്രിസ്മസ് നക്ഷത്രങ്ങളും തൂക്കിയിട്ടുണ്ട്. നാട്ടിലെ ക്രിസ്മസ് ആഘോഷത്തോടൊപ്പം പൊലീസ് സ്റ്റേഷനും പങ്കുചേരണമെന്ന ആഗ്രഹം സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഇൻസ്പെക്ടർ എൻ.എ.അനൂപിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിന് പൂർണ സമ്മതം. ഇതോടെ എല്ലാവരും ഉത്സാഹഭരിതരായി. എസ്ഐ ഹരീഷിന്റെയും അഡിഷനൽ എസ്ഐ റോജോ മോന്റെയും നേതൃത്വത്തിൽ സ്റ്റേഷനിൽ അലങ്കാര പ്രവർത്തനങ്ങൾ നടത്തി. സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പിരിവ് നൽകിയാണ് ഇതിനുള്ള ചെലവ് വഹിച്ചത്.
ക്രിസ്മസ് ആഘോഷത്തിന് മാറ്റു കൂട്ടാൻ 24നു സ്റ്റേഷൻ അങ്കണത്തിൽ പുൽക്കൂട് ഒരുക്കുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. പുതുവർഷത്തെ വരവേറ്റതിനു ശേഷമേ ദീപാലങ്കാരങ്ങൾ മാറ്റുകയുള്ളൂ. ക്രിസ്മസ് കേക്ക് ഉണ്ടാകുമോ ക്രിസ്മസ് പാപ്പ സമ്മാനം നൽകുമോ എന്നാണ് സ്റ്റേഷനിൽ എത്തുന്നവർ ഇപ്പോൾ ചോദിക്കുന്നത്. ആഘോഷ ദിവസങ്ങളിൽ കൂടുതൽ കരുതലോടെ തെരുവുകളിൽ സുരക്ഷ ക്രമീകരണത്തിന് ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഒരു ആഘോഷത്തിനും ഒപ്പം നിൽക്കാൻ കഴിയാത്തവരാണ് പൊലീസുകാർ. അതിനാൽ പൊലീസ് സ്റ്റേഷനിലെങ്കിലും ആഘോഷദിനങ്ങളുടെ അന്തരീക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.