കാനയ്ക്കു മുകളിലെ സ്ലാബ് തകർന്നു
Mail This Article
കാലടി∙ മറ്റൂർ ജംക്‌ഷനിൽ എംസി റോഡരികിലെ കാനയ്ക്കു മുകളിലെ സ്ലാബ് തകർന്നു. സെന്റ് ജോർജ് ടവറിനു മുൻവശത്തുള്ള കാനയ്ക്കു മുകളിലെ പതിനഞ്ചോളം സ്ലാബുകളാണ് തകർന്നത്. റോഡരികും ഇടിഞ്ഞിട്ടുണ്ട്. പുലർച്ചെ 3 മണിയോടെ നെല്ലുമായി വന്ന ഒരു ലോറി റോഡരിക് ചേർത്തതാണ് ഇവിടെ ഇടിയാൻ കാരണം. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് കര കയറ്റി കൊണ്ടു പോയി. തിരക്കേറിയ മറ്റൂർ ജംക്‌ഷനിൽ കാനയ്ക്കു മുകളിലെ സ്ലാബുകളും റോഡരികും താഴേക്കിരുന്നത് അപകട ഭീഷണിയുയർത്തുന്നു.
വിമാനത്താവളത്തിൽ നിന്ന‌് ആദിശങ്കര എൻജിനീയറിങ് കോളജ്, ആദിശങ്കര ട്രെയ്നിങ് കോളജ്, ശ്രീശങ്കര കോളജ്, ശ്രീശാരദ വിദ്യാലയ എന്നിവിടങ്ങളിൽ നിന്നുള്ള റോഡും മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിൽ നിന്നുള്ള റോഡും എംസി റോഡിൽ സംഗമിക്കുന്ന സ്ഥലമാണിത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡരിക് ചേർന്നു പോയാൽ അപകടമുണ്ടാകാം. റോഡരികിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും ഇതു അപായമുണ്ടാക്കാം. അതിനാൽ തകർന്ന സ്ലാബും റോഡരികും പൂർവ സ്ഥിതിയിലാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.